ഡാളസ്, ടെക്‌സസ്: ഡാളസില്‍ റോയ്‌സ് സിറ്റിയുടെ ഹൃദയഭാഗത്ത് സജ്ജമാക്കിയിരിക്കുന്ന മലയാളികളുടെ വാര്‍ദ്ധക്യകാല താമസ കേന്ദ്രത്തിന്റെ (അഡള്‍ട്ട് ഹോം) വാര്‍ഷിക കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഒക്‌ടോബര്‍ 28-നു വൈകിട്ട് ആറുമണിക്ക് നടത്തപ്പെട്ടു.

കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ പ്രസിഡന്റ് റവ വര്‍ഗീസ് പുത്തൂര്‍ക്കുടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡാളസിലും, സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രമുഖ മത-സാംസ്കാരിക-സമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് റവ. ഡോ. പി.പി. ഫിലിപ്പ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. റവ. സജി പി.സി (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് വികാരി) മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു. അച്ചനെ കൂടാതെ റവ. ചെറിയാന്‍ മൂഴിയില്‍ (സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച്, ഡാളസ്), റവ. ഷാജന്‍ ജോണ്‍ (സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച്, കരോള്‍ട്ടണ്‍) എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

മുഖ്യ പ്രഭാഷണം നടത്തിയ സജി അച്ചന്‍, വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ ഈറിന്റെ ദേശത്തുനിന്നും വിളിച്ചിറക്കിയതിന്റെ പിന്നില്‍ ദൈവത്തിന് ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ആയതുപോലെ, ഈ പ്രൊജക്ടില്‍ ഉള്ള ഓരോരുത്തരേയും അമേരിക്കയുടെ പല പ്രദേശങ്ങളില്‍ നിന്നും ഇവിടെ ഒന്നിച്ചുകൊണ്ടുവന്നിരിക്കുന്നതില്‍ ദൈവത്തിന് ഒരു പ്രത്യേക ഉദ്ദേശം ഉണ്ടെന്നും വ്യക്തമാക്കി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശാന്തസുന്ദരവും, അര്‍ത്ഥസമ്പുഷ്ടവുമായി വചനഘോഷണം നടത്തിയ അച്ചന്‍ അബ്രഹാമിന്റെ ഗുണങ്ങളായ ആരാധന, അനുസരണം, വിശ്വാസം, സാക്ഷ്യം എന്നീ നാലു ഗുണങ്ങളെപ്പറ്റി വിശദീകരിക്കുകയും അതോടൊപ്പം ഈ അഡള്‍ട്ട് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും ഈ നാലു ഘടകങ്ങളും അത്യന്താപേക്ഷിതമാണെന്നും ഓര്‍മ്മിപ്പിച്ചു.

ഈ കേരളാ അഡള്‍ട്ട് ഹോമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും പ്രവര്‍ത്തിച്ചവരെ അനുമോദിച്ച അച്ചന്‍, ഈ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് എല്ലാവിധ നന്മകളും ആശംസിക്കുകയും ചെയ്തു.

മൈക്കിള്‍ കല്ലറയ്ക്കല്‍, രജ്ജി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനങ്ങളും, വേദപുസ്തക പാരായണവും മീറ്റിംഗിനെ ഭക്തിസാന്ദ്രമാക്കിയതോടൊപ്പം കൂടുതല്‍ മിഴിവുറ്റതാക്കുകയും ചെയ്തു.

സാജന്‍ ജോണച്ചന്റെ പ്രാര്‍ത്ഥനയ്ക്കും, ചെറിയാന്‍ മൂഴിയില്‍ അച്ചന്റെ ആശീര്‍വാദത്തോടുംകൂടി രാത്രി എട്ടുമണിയോടുകൂടി യോഗം സമാപിച്ചു. സ്കറിയ ഫിലിപ്പ് (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.

കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക: എം.സി അലക്‌സാണ്ടര്‍ (845 553 0879). സി.എസ് ചാക്കോ അറിയിച്ചതാണിത്.

CHACKO5 CHACKO4 CHACKO3 CHACKO2

LEAVE A REPLY

Please enter your comment!
Please enter your name here