ഫ്രീഹോള്‍ഡ് (ന്യൂജേഴ്‌സി): കേരളത്തിലെ നസ്രാണികളുടെ ഇരുപത് നൂറ്റാണ്ടിന്റെ കഥ പറയുന്ന ചരിത്രപുസ്തകം “ദി നസ്രാണീസ്’ പ്രകാശനം ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ന്യൂജേഴ്‌സി ഡിസ്ട്രിക്റ്റ് ഏഴില്‍ നിന്ന് മല്‍സരിച്ച പീറ്റര്‍ ജേക്കബ് ആദ്യപ്രതി സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനായ ടി എസ് ചാക്കോക്ക് നല്‍കിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഇതു സംബന്ധിച്ച് നടന്ന ചടങ്ങില്‍ പീറ്റര്‍ ജേക്കബ്, ടി എസ് ചാക്കോ, ഏബ്രഹാം കെ ഡാനിയേല്‍, ഷേര്‍ളി തോമസ്, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥകര്‍ത്തി മോളി വറുഗീസ് സ്വാഗതവും ഭര്‍ത്താവ് വി വറുഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. ഏബ്രഹാം ഫിലിപ്പ് ആയിരുന്നു എം സി.

ഡോ. ജോര്‍ജ് ജേക്കബ്, ഫിലിപ്പ് തമ്പാന്‍, കോര ചെറിയാന്‍, ഡോ. ജോണ്‍ ഏബ്രഹാം, ഏബ്രഹാം കുര്യന്‍, കോശി കുരുവിള, ജോര്‍ജ് ഏബ്രഹാം. ഡോ. ഏബ്രഹാം ഈശോ, മനോജ് ജോസഫ്, എര്‍ലിന്‍ ജോര്‍ജ്, ഉള്‍പ്പെടെ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പ്രകാശനകര്‍മത്തില്‍ പങ്കെടുത്തു.

ചെറുപ്പകാലം മുതലുള്ള ഒരു അഭിവാഞ്ഛയാണ് പുസ്തകപ്രകാശനത്തിലൂടെ സാധ്യമാകുന്നതെന്ന് മോളി വറുഗീസ് പറഞ്ഞു. പ്രത്യേകിച്ചും അമേരിക്കയിലെത്തിയശേഷം, ഇവിടുത്തെ രണ്ടാം തലമുറയില്‍ പെട്ട കുട്ടികളില്‍ തങ്ങളുടെ പൈതൃകത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ഇംഗ്ലീഷിലുള്ള ഒരു പുസ്തകം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ് ഭാരിച്ച പണച്ചലവുള്ള ഒരു പ്രോജക്ട് ആണന്നറിഞ്ഞുകൊണ്ടുതന്നെ തുനിഞ്ഞിറങ്ങിയത്. ആമസോമിലൂടെയും കിന്‍ഡിലിലൂടെയും പുസ്തകത്തിന്റെ പ്രതികള്‍ ലഭ്യമാണ്. ജന്‍മഗ്രാമമായ വാകത്താനത്തെപറ്റി സമഗ്രമായ ഒരു പുസ്തകം ഇംഗ്ലീഷിലെഴുതി പ്രസിദ്ധീകരിച്ചത് രണ്ടുവര്‍ഷം മുമ്പാണ്.

കേരളത്തിലെ നസ്രാണികളെകുറിച്ച്- സെന്റ് തോമസ് സിറിയന്‍ ക്രിസ്ത്യന്‍ സമൂഹത്തെകുറിച്ച് അവരുടെ ഉദ്ഭവത്തെയും ഇരുപത് നൂറ്റാണ്ടുകളായുള്ള വളര്‍ച്ചയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു ഈ പുസ്തകം. പഴയകാലത്തെ ക്രിസ്ത്യന്‍ സമൂഹത്തെ കുറിച്ചും അക്കാലത്തെ പള്ളികളെയും വിശ്വാസ സമൂഹങ്ങളെയും കുറിച്ചും പുസ്തകത്തിലുണ്ട്. ഇന്ത്യയുടെ പ്രാചീനകാല സംസ്കാരത്തെയും അവിടുത്തെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെയും മതങ്ങളെയും കുറിച്ചുള്ള ലഘുവിവരണവും പുസ്തകത്തിലുണ്ട്.

ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വ്യക്തിയേയോ വിമര്‍ശിക്കാനുദ്ദേശിച്ചല്ല ഈ പുസ്തകം എന്ന് മോളി വറുഗീസ് പറയുന്നു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ചരിത്രപരമായ കാര്യങ്ങളില്‍ ആധികാരികത വരുത്തുന്നതിനായി പ്രമുഖ ചരിത്രകാരന്‍മാരില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്.

തങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന, ക്രിസ്തു ശിഷ്യനായ സെന്റ് തോമസിന്റെ പ്രബോധനങ്ങളെ പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ് പുസ്തകം പങ്കുവെയ്ക്കുന്നത്.

മുന്‍തലമുറയില്‍ നിന്ന് കൈമാറിക്കിട്ടിയതനുസരിച്ച്, വായനക്കാരോട് വിവരങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പങ്ക് വയ്ക്കാനുള്ള കഴിവ് തരണമേയെന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു.

“”പൂര്‍വികരുടെ ചരിത്രത്തെയും ജീവിതപശ്ചാത്തലത്തെയും കുറിച്ചുള്ള അറിവ് നമ്മുടെ പാരമ്പര്യത്തെ കുറിച്ച് അഭിമാനം നിറയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിവ് ശക്തിയാണന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടതും ഈ പുസ്തകരചനയ്ക്ക് എന്നെ പ്രേരിപ്പിച്ചു”വെന്ന് എഴുത്തുകാരിയുടെ വാക്കുകള്‍.

ഇരുപത് വര്‍ഷം മുമ്പ്, തന്റെ അനന്തരവളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഒരു സംഭവമാണ് പ്രധാനമായും ഇങ്ങനെയൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം മനസില്‍ രൂപപ്പെടാനിടയൊരുക്കിയത്. സാമാന്യം വിപുലമായി വിവാഹം നടത്താനുദ്ദേശിച്ചതിനാല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കുംവിധം വലിയൊരു പള്ളി തേടി നടക്കുകയായിരുന്നു. ഈ സമയം ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വനിതയെ പരിചയപ്പെട്ടു, ആഗ്രഹം പറഞ്ഞപ്പോള്‍, ഉദ്ദേശിക്കും വിധമുള്ളൊരു പള്ളിയുണ്ടെന്നവര്‍ പറഞ്ഞു, പക്ഷേ ഒരു പ്രശ്‌നം, പ്രസ്തുത പള്ളിയില്‍ വിവാഹം നടത്തണമെങ്കില്‍ വിവാഹ കര്‍മങ്ങള്‍ക്ക് പ്രസ്തുത പള്ളിയിലെ വൈദികന്‍ തന്നെ കാര്‍മികനാകണമത്രേ. തങ്ങളുടെ ദേവാലയം വളരെ പുരാതനമായതിനാല്‍ ദേവാലയത്തിനകത്ത് വിശുദ്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി മറ്റാരെയും അനുവദിക്കാറില്ലന്നും അവര്‍ പറഞ്ഞു. താനും സെന്റ് തോമസിനാല്‍ സ്ഥാപിതമായ, പൈതൃകപാരമ്പര്യമേറെയുള്ളൊരു സഭയിലെ അംഗമാണന്ന് മറുപടികൊടുത്തെങ്കിലും അങ്ങനെയൊരു സഭയെകുറിച്ച് കേട്ടിട്ടില്ലന്നായിരുന്നത്രേ പ്രസ്തുത വനിതയുടെ മറുപടി. പുസ്തകമെഴുതാനുള്ള ആശയം മനസില്‍ തോന്നാന്‍ ഈ സംഭവം പ്രചോദനമായി.

കൂടാതെ തങ്ങളുടെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ചൊന്നും ബോധവാന്‍മാരല്ലാത്ത നസ്രാണി സമൂഹത്തിലെ പുതുതലമുറയെ ബോധവല്‍കരിക്കുകയും പുസ്തകം ലക്ഷ്യമിടുന്നു. ഈയൊരു വിഷയത്തില്‍ തന്നെക്കൊണ്ട് സാധ്യമായതൊക്കെ ചെയ്യുക കടമയാണന്ന് കരുതുന്നു. വിവിധസംസ്കാരങ്ങളെ അറിയുന്നതും മനസിലാക്കുന്നതും പരസ്പരസൗഹാര്‍ദവും ബഹുമാനവും ആളുകളില്‍ വേരുറയ്ക്കുന്നതിനും സാമൂഹ്യസൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും താന്‍ വിശ്വസിക്കുന്നു.

നസ്രാണികള്‍ എന്ന് വിളിക്കപ്പെടുന്ന സെന്റ് തോമസ് സിറിയന്‍ ക്രിസ്ത്യാനികള്‍ മാര്‍തോമാ ശ്ലീഹായുടെ പിന്തുടര്‍ച്ചക്കാരാണ്. എ ഡി 52ല്‍ കേരളത്തിലെത്തിയ ശ്ലീഹാ നിരവധിപേരെ ക്രിസ്തുമതത്തിലേക്ക് ജ്ഞാനസ്‌നാനപ്പെടുത്തി. എഡി 72ല്‍ മദ്രാസിലെ കലമിനയില്‍ വച്ച് ശ്ലീഹാ വധിക്കപ്പെട്ടു. മതമോ വിശ്വാസമോ നോക്കാതെ ശ്ലീഹാ നിരവധി പേരെ ജ്ഞാനസ്‌നാനം ചെയ്തുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടു പള്ളികള്‍ സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ഏഴരപള്ളികള്‍ എന്നും ചിലപ്പോള്‍ ഈ പള്ളികള്‍ വിശേഷിപ്പിക്കപ്പെടുന്നു. (ഇവയില്‍ തിരുവിതാംകോട് പള്ളി അരപ്പള്ളി എന്നു വിളിക്കപ്പെടുന്നു. )

സെന്റ് തോമസ് ആദ്യമായി മുസിരിസില്‍(കൊടുങ്ങല്ലൂര്‍) കാലുകുത്തിയതിനാല്‍ മലബാറില്‍ നിന്നാണ് ആദ്യ ക്രിസ്ത്യന്‍ സമൂഹം രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് നസ്രാണികളെ മലബാര്‍ ക്രിസ്ത്യന്‍ സമൂഹം എന്ന് വിളിക്കുന്നത് തന്നെ.

ഇങ്ങനെ ചരിത്രത്തിലൂടെ ഊളിയിട്ട് നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളെപറ്റിയുമൊക്കെ പുസ്തകം

സവിസ്തരം പ്രതിപാദിക്കുന്നു. കോപ്പികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: മോളി വറുഗീസ്; (732) 577 -0728. email id: mollypazhanchira@gmail.com

?

TheNASRANIS-minimized

LEAVE A REPLY

Please enter your comment!
Please enter your name here