ഒരു ദേവാലയത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തിനുമുമ്പ് പ്രസംഗം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പിന്‍ ബഞ്ചില്‍ വളരെ വിശ്വാസത്തിലിരിക്കുകയാണ്. ദേവാലയത്തില്‍ വരുന്നവര്‍ മനോഹരമായ വേഷവിധാനങ്ങള്‍ ധരിച്ചുകൊണ്ട് വന്നാല്‍ മതി എന്ന ഒരു നിയമംകൂടി അവിടെ അപ്പോള്‍ നടപ്പാക്കി.

ഞന്‍ എത്രയോ ഇംഗ്ലീഷ് ചര്‍ച്ചില്‍ ആരാധനയില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ കാണുവാന്‍ സാധിച്ച വിശ്വാസികളുടെ വേഷവിധാനം എന്നെ വളരെ ലളിത ഹൃദയമുള്ളവനാക്കി. വേനല്‍ക്കാല സമയങ്ങളില്‍ വെറും ഒരു ഷോര്‍ട്ട്‌സും ടീഷര്‍ട്ടും ധരിച്ചുവരുന്ന വിശ്വാസജനങ്ങള്‍. അതില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വളരെ ധനവാന്മാരും പാവപ്പെട്ടവരുമുണ്ട്. സമത്വസുന്ദരമായ ദേവാലയം. അവിടെ പൊങ്ങച്ചവും, വിടുവായത്തവും ഏണിപറച്ചിലുമില്ല. മാര്‍പാപ്പ പറയുന്ന നിയമങ്ങള്‍ പരിപാലിക്കപ്പെടുന്ന ദേവാലയങ്ങളാണിത്. അമിതായി പണം പിരിച്ചെടുത്ത്, പാവങ്ങളെ പിഴിഞ്ഞ് ആര്‍ഭാടമായ ദേവാലയം സ്ഥാപിച്ചതിനുശേഷം അവിടെ വരേണ്ടതും ആര്‍ഭാടമായിട്ടുവേണം എന്നു പറയുന്നത് ദൈവത്തിനു നിരക്കുന്നതാണോ? വസ്ത്രങ്ങള്‍ക്ക് ഇവിടെ എന്തു പ്രസക്തി? മനോഹരമായ വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞതിനുശേഷം നെഞ്ചില്‍ വഞ്ചനയും ചുണ്ടില്‍ പുഞ്ചിരിമായി നില്‍ക്കുന്നവരെയാണ് ക്രിസ്തു വിളിച്ചത് ‘നിങ്ങള്‍ വെള്ളതേച്ച ശവക്കല്ലറകളാണ്’ എന്ന്. അപ്പോള്‍ പുറമെയുള്ള വേഷവിധാനങ്ങള്‍കൊണ്ടും, കയ്യിലുള്ള ധനം കൊണ്ടും ദൈവത്തെ പ്രസാദിപ്പിക്കാമെന്നു പറയുന്നവര്‍ ആനയെ കണ്ട അന്ധന്മാരായ പമ്പര വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് നില്‍ക്കുന്നത് എന്നതില്‍ സംശയമില്ല.

വേഷവും ധനവും ദൈവത്തെ സംതൃപ്തിപ്പെടുത്തുന്നില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചുകൊണ്ടു പ്രവേശിക്കാമെന്നു സുപ്രീം കോടതി വിധി കല്‍പ്പിച്ചിട്ടും ആ നിയനം നിഷേധിക്കുന്ന കപട ഭക്തരെ നാം കണ്ടുകഴിഞ്ഞു. സ്ത്രീകളുടെ എല്ലാ ഭാഗങ്ങളും മറച്ചുവെയ്ക്കുന്ന ഒരു വേഷവിധാനമാണ് ചുരിദാര്‍. നഗ്നപൂജ നടത്തുന്നതാണ് ഈശ്വരാനുഗ്രഹം എന്നുപറയുന്ന വിഡ്ഢികള്‍ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ട് എന്നുള്ളത് വളരെ അതിശയോക്തി തന്നെ!

ചില ദേവാലയങ്ങളില്‍ ചില വേഷങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു പറയുന്ന ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകേണ്ടതാണ്. വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ഒരു പരിധിവരെ ആചാരം ആവശ്യമാണ്. പക്ഷെ അത് അധികമാകുമ്പോള്‍ ദുരാചാരമായി മാറി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്നുകൂടി മനസ്സിലാക്കണം. ചില ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്തതും ദൈവത്തോട് കാട്ടുന്ന അനീതി തന്നെ. ദേവാലയങ്ങള്‍ സകല ജാതിക്കും വേണ്ടി ദൈവസം സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ അതിനെ മതം തിരിച്ചും ജാതി തിരിച്ചും വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്കും തുടക്കമിട്ട് രക്തക്കളമാക്കി മാറ്റിയിരിക്കുന്നു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വേഷഭാഷാദികളുടെ വ്യത്യാസമില്ലാതെ ഈശ്വരനെ ആരാധിക്കുവാനും ദേവാലയങ്ങളില്‍ പ്രവേശിക്കാനും അനുവദിക്കൂ! ജനങ്ങളെ ഈശ്വരനില്‍ നിന്നും അകറ്റാതെയും അവരെ ആചാരത്തിന്റെ കുരുക്കിലിട്ട് കുഴയ്ക്കാതെയും, നേരിട്ട് ദൈവത്തെ വിളിക്കുവാനും അനുവദിക്കൂ….!

LEAVE A REPLY

Please enter your comment!
Please enter your name here