കാന്‍സര്‍ രോഗമുള്ള ഒരു രോഗിയില്‍ കീമോതെറാപ്പി മരുന്നുകള്‍ ഇടവേള നല്‍കാതെ അധികരിച്ച ഡോസില്‍ ഒറ്റമൂലിയായി ഒരു അര്‍ധരാത്രിയില്‍ പ്രയോഗിച്ചാല്‍ എന്താകും ഫലം. തല്‍ക്കാലം എല്ലാ അര്‍ബുദകോശങ്ങളെയും അതു കൊന്നൊടുക്കുമെന്നു നിസ്സംശയം പ്രതീക്ഷിക്കാം. പക്ഷേ, രോഗി പൊടുന്നനെ തന്നെ അവശനായി ഊര്‍ദ്ധ്വന്‍വലിച്ചു കിടന്നുപോകും.

വേണ്ടത്ര മുന്‍കരുതലോ ഊര്‍ജ്വസ്വലമായ പകരം സംവിധാനമോ ഒന്നുമില്ലാതെ ഒരു അര്‍ധരാത്രിയില്‍ കറന്‍സി പിന്‍വലിക്കലെന്ന ഒറ്റമൂലിമൂലം ഇന്ത്യന്‍ സമ്പദ്ഘടനയെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളെയും മൃതപ്രായരാക്കി ചക്രശ്വാസം വലിപ്പിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞുവെന്നതാണു പരമാര്‍ഥം. ഒരര്‍ഥത്തില്‍, എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന ഇടപാട്. ഏതൊരു രോഗചികിത്സാക്രമത്തിലും ഏറെ പ്രഹരശേഷിയുള്ള മരുന്നുപ്രയോഗത്തേക്കാള്‍ പ്രാധാന്യം പ്രതിരോധപ്രവര്‍ത്തനത്തിന്റെ ആസൂത്രണത്തിനും നിര്‍വഹണത്തിനും തന്നെയാണ്. ഈ കാഴ്ചപ്പാടിലൂടെ കള്ളപ്പണനിര്‍മാര്‍ജന ശ്രമങ്ങളെ നോക്കിക്കണ്ടാല്‍ മോദിസര്‍ക്കാറിന്റെ നേട്ടത്തെക്കുറിച്ചുള്ള അവകാശവാദത്തിനു കൊടുക്കാവുന്ന മാര്‍ക്ക് വട്ടപ്പൂജ്യത്തിലൊതുങ്ങും.

അസാധുവാക്കിയ നോട്ടുകള്‍ക്കു പകരംവന്ന പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ പിറ്റേന്നുമുതല്‍ അച്ചടിച്ചു തുടങ്ങിയാതായി നമുക്ക് തെളിവുകള്‍ കിട്ടിയില്ലേ.അത്തരം കുറേ വ്യാജനോട്ടുകള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നു പിടികൂടുകയും ചെയ്തല്ലോ. വ്യാജനോട്ടുകളുടെ വ്യാപനം പ്രതിരോധിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍കഴിയുമായിരുന്നു.

സര്‍ക്കാര്‍തലത്തില്‍ സൂക്ഷ്മതയുള്ള കള്ളനോട്ട് നിര്‍ണയ മെഷീനുകള്‍ നിര്‍മിച്ചു സബ്‌സിഡിയോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ക്രയവിക്രയങ്ങളില്‍ നിര്‍ബന്ധമാക്കിയാല്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നില്ലേ ഈ പ്രശ്‌നം. ഇന്ത്യന്‍ സമ്പദ്ഘടനയെബാധിച്ച അര്‍ബുദമായി കള്ളപ്പണത്തെ നമുക്കു കാണാം. ആഗോളസമ്പദ്‌സ്രോതസ്സിനെയും ഇതു കാലാകാലങ്ങളായി വന്‍തോതില്‍ കാര്‍ന്നുതിന്നുന്നുണ്ട്. ഈ രോഗചികിത്സയ്ക്കായി വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണു കറന്‍സി അസാധുവാക്കല്‍. നരേന്ദ്രമോദിഭക്തര്‍ അവകാശപ്പെടുന്നപോലെ ഒരു അര്‍ധരാത്രിയില്‍ മോദിക്കു വെളിപാടിലൂടെ കൈവന്ന ഒറ്റമൂലി വരദാനമൊന്നുമല്ല അത്.

പാകിസ്താനില്‍മാത്രമല്ല, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും ആസ്‌ത്രേലിയയിലും കൊറിയയിലും ഇന്ത്യയില്‍ത്തന്നെ മുന്‍ സര്‍ക്കാരുകളുടെ കാലത്തും കറന്‍സി അസാധുവാക്കല്‍ നടപ്പാക്കിയിട്ടുണ്ട്. അക്കാലത്ത്,പുനര്‍വിചിന്തനത്തോടെയും ക്ഷമയോടെയും ഘട്ടംഘട്ടമായി ആയിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്.പക്ഷെ ഇന്ത്യയില്‍ ജനങ്ങള്‍ ഇത് ഇഷ്ടപ്പെട്ടു എന്ന് വിചാരിച്ചാലും വരും നാളുകളില്‍ ആ ജനം തന്നെ ഈ തീരുമാനത്തെ തള്ളിപ്പറയാനാണ് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here