ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും വീണ്ടും ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, പൗരസ്ത്യ ദേശങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളുടെ സമയമാണ്. നിറപ്പകിട്ടാര്‍ന്ന ക്രിസ്തുമസ് പാര്‍ട്ടികളും,വിലപിടിപ്പുള്ള സമ്മാനങ്ങളും, ആര്‍ഭാടം നിറഞ്ഞുനില്‍ക്കുന്ന അലങ്കാരങ്ങളും എല്ലാം ഒരുത്സവത്തിന്റെ പ്രതീതിയാണ് ലോകമെമ്പാടും കാഴ്ചവെയ്ക്കുന്നത്. പല രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥിതിയുടെ ഊര്‍ജസ്രോതസ് ഈ കാലഘട്ടത്തിലെ ക്രിയവിക്രയങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന കോടികള്‍ ആധുനിക ഉപഭോക്തസമൂഹത്തിന്റെ വൈകാരിതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്നിന്റെ ലോകത്തില്‍ സ്വയം പര്യാപ്തനെന്ന ഭാവവും, ഉയരത്തിന്റെ കൊടുമുടികള്‍ പടിച്ചടക്കപ്പെട്ട ആത്മധൈര്യവും മനുഷ്യനെ അഹങ്കാരത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചിരിക്കുന്നു. ജീവിതം എന്തുമാകാം, എങ്ങനെയുമാകാം എന്നുള്ള ചിന്തയും പരമാവധി തിന്നലും കുടിക്കലും രസിക്കലുമാണ് ഈ ജീവിതം എന്നുള്ള സിദ്ധാന്തവും മനുഷ്യനില്‍ ഞാനെന്ന ഭാവത്തെയാണ് വളര്‍ത്തിയിരിക്കുന്നത്.

എല്ലാത്തിന്റേയും ഉടയവനും നിയതാവുമായ ദൈവം ഒന്നുമില്ലാത്തവനായി ഈ ഭൂമിയില്‍ അവതരിച്ച ഈ ദിവസം ആര്‍ഭാടങ്ങളുടേയും ചെലവിടലിന്റേയും ദിവസം ആയി മാറിയെന്നത് വിരോധാഭാസമാണ്. ക്രിസ്തുവിന്റെ ജനനത്തിന്റെ മഹത്തായ സന്തോഷം നല്‍കപ്പെട്ടത് അശരണരും ദരിദ്രരുമായ ഒരുപറ്റം ആട്ടിടയന്മാര്‍ക്കായിരുന്നു. പ്രത്യേകിച്ച് ഒന്നുംതന്നെ അര്‍പ്പിക്കുവാന്‍ കഴിയാത്ത ഈ ഇടയന്മാര്‍ക്ക് തങ്ങളുടെ സ്വന്തത്തേയും ഇടയവടികളും മാത്രമാണ് തിരുമുല്‍ക്കാഴ്ചയായി ക്രിസ്തുവിന് അര്‍പ്പിച്ചത്. സ്വന്തം സുഖസൗകര്യങ്ങളുടെ അകത്തളത്തില്‍ കഴിയുന്ന സത്രം സൂക്ഷിപ്പുകാരന് നല്‍കപ്പെട്ടതും മഹത്തായ സന്തോഷത്തിന്റെ സന്ദേശമാണ്. ക്രിസ്തു ഈ ഭൂമിയിലെ ദാരിദ്ര്യത്തിലേക്കു കടന്നുവന്നത് അശരണരുടേയും അവഗണിക്കപ്പെട്ടവരുടേയും അത്താണിയായിട്ടാണ്. എല്ലാത്തിന്റേയും ഉടയവന്‍ തന്റെ സ്വന്തത്തെ തന്നെ ഇല്ലായ്മയില്‍ പങ്കുവെച്ച് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി.

യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും പലായനം ചെയ്യുന്ന സമൂഹത്തിനും ജീവിതസാഹചര്യങ്ങളില്‍ വഴിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്കും നേരേ ഇന്നും സത്രത്തിന്റെ വാതിലുകള്‍ കൊട്ടി അടയ്ക്കപ്പെടുകയാണ്. ഉപഭോക്ത സമൂഹത്തിന്റെ വൈകാരിക ആര്‍ഭാടങ്ങളുടെ ഒരംശം എങ്കിലും അശരണര്‍ക്കും, ആലംബഹീനര്‍ക്കും വേണ്ടി ചെലവിടാന്‍ ലോകം തയാറായാല്‍ ക്രിസ്തുമസ് ധന്യമാകും. സന്തോഷ സൗഭാഗ്യങ്ങളുടെ അകത്തളത്തില്‍ ജീവിക്കുന്ന നമുക്ക് അടയ്ക്കപ്പെട്ട വാതിലുകള്‍ തുറക്കുവാന്‍ സാധിക്കുമോ? മറ്റുള്ളവരെ കരുതുവാനും അവരോടൊത്ത് പങ്കിടുവാനും സാധിച്ചെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഭവനത്തിന്റെ, ജീവിതത്തിന്റെ അടയ്ക്കപ്പെട്ട വാതിലുകള്‍ മറ്റുള്ളവര്‍ക്കായി തുറന്നുകൊണ്ട് ഈ ക്രിസ്തുമസിനെ നമുക്ക് വരവേല്‍ക്കാം. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും, ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനവും നേര്‍ന്നുകൊണ്ട് ക്രിസ്തുമസിന്റെ മംഗളാശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here