ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ കൂട്ടായ്മ ജനുവരി 9ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെട്ടു.

 മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമോരിക്കാ ഭദ്രാസനത്തിന്റെ ആസ്ഥാനമായ ‘ഊര്‍ശ്ലേം’ അരമനയില്‍ വച്ച് നടക്കുന്ന ക്ലര്‍ജി ഫെല്ലോഷിപ്പില്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യുസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

തദവസരത്തില്‍ അഭിവന്ദ്യ യൂസേബിയോസ് തിരുമേനിയുടെ മാതാവിന്റെ വേര്‍പാടില്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് വെരി റവ. ഫാ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. വന്നു ചേര്‍ന്ന എല്ലാ വൈദികര്‍ക്കും കുടുംബങ്ങള്‍ക്കും ഓര്‍ഗനൈസിംഗ് സെക്രട്ടറി റവ. കെ. ബി. കുരുവിള സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വൈദികര്‍ സ്വയം പരിചയപ്പെടുത്തി.

സങ്കീര്‍ത്തനങ്ങള്‍ 71-ാം അദ്ധ്യായം ആസ്പദമാക്കി അഭിവന്ദ്യ തിരുമേനി ധ്യാന പ്രസംഗം നടത്തി. ജീവിതത്തിന്റെ വിവിധ പരിശോധനകളുടെ നടുവിലും പ്രതിസന്ധി ഘട്ടങ്ങളിലും ദാവീദ് തന്നെ തെരഞ്ഞെടുത്ത ദൈവത്തിന് വേണ്ടി ശുശ്രൂഷ ചെയ്തു. ആ വലിയ ദൈവത്തിന്റെ ശുശ്രൂഷകരായി മറ്റുളളവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ ദൈവം കൃപ നല്‍കട്ടെയെന്ന് തിരുമേനി പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചില്‍ വൈദികര്‍ എല്ലാവരും സജീവമായി പങ്കെടുത്തു.

 ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്റെ പ്രാര്‍ത്ഥനയോടും അഭിവന്ദ്യ തിരുമേനിയുടെ ആശിര്‍വാദത്തോടുകൂടി യോഗം സമാപിച്ചു.

ക്ലര്‍ജി ഫെല്ലോഷിപ്പിന്റെ അടുത്ത യോഗം ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ഏപ്രില്‍ മാസത്തില്‍ നടത്തപ്പെടുന്നതാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി റവ. കെ .ബി. കുരുവിള അറിയിച്ചു.

Clergy Fellowship Photo 2

 

LEAVE A REPLY

Please enter your comment!
Please enter your name here