അമേരിക്കയില്‍ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാം എക്‌സിക്യൂട്ടിവ് ഉത്തരവിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം.

ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തത്തെി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ പറഞ്ഞു.

ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയതില്‍ ഒന്നുമില്ല. രണ്ടാം ഉത്തരവോടു കൂടി ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണ്. ട്രംപ് ഭരണഘടനക്ക് അതീനതയിലല്ല രാജ്യത്തെ മുഴുവന്‍ കോടതികളെന്നും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയതാണ്. എന്നിട്ടും അദ്ദേഹം അതിനെ ധിക്കരിച്ചു. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവിനെ ഗിവേണ്‍ മൂര്‍, കോര്‍ടസ് മാസ്റ്റോ, നാന്‍സി പെലോസി തുടങ്ങിയ ഡെമോക്രാറ്റിക് നേതാക്കളും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി, ഹീബ്രൂ ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി തുടങ്ങിയ സംഘടനകളും ട്രംപ് നയത്തിനെതിരെ രംഗത്തത്തെി. അതേസമയം, ഉത്തരവിനെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് ശക്തമായി ന്യായീകരിച്ചു. രാജ്യത്ത് ഇനിയൊരു തീവ്രവാദി ഭീഷണിയുണ്ടാകരുതെന്നാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു.

എന്നാല്‍ വിലക്കില്‍ നിന്ന് തങ്ങളെ നീക്കിയ നടപടിയെ ഇറാഖ് സ്വാഗതം ചെയ്തു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഈ ഇളവ് വ്യക്തമാക്കുന്നതെന്ന് ഇറാഖി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here