ഫിലാഡൽഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദർലി ലൗ എന്നറിയപ്പെടുന്ന ഫിലാഡൽഫിയായുടെ മണ്ണിൽ മെയ് മാസം ആദ്യ വാരത്തോടെ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചിൽ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. ഇതിനായി സുനോജ് മല്ലപ്പള്ളിയുടെ മേൽനോട്ടത്തിൽ ഒരുക്കങ്ങൾ നടന്നു വരികയാണ്. 

അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകൾ തമ്മിൽ മത്സരിച്ചു, അതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ – ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 

അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകർ ഒരുക്കിയിരിക്കുന്നത്. 

2001 മുതൽ ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് എന്ന ക്ലബായിരുന്നു ഈ ടൂർണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെൻറുകളിലൊന്നായിരുന്നു ഇത്. എന്നാൽ അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന മലയാളികൾക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്ന ചിന്തയിൽ നിന്നാണ്, മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. 

സ്റ്റിച്ച് ബോളിൽ തന്നെ മത്സരം നടക്കുന്നതു കൊണ്ട്, പങ്കെടുക്കുന്നവർ ഹെൽമറ്റും, ഗ്ലൗസുകളും, പാഡുകളും നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. അതോടൊപ്പം ടൂർണമെന്റ് നടക്കുമ്പോൾ എമർജൻസി മെഡിക്കൽ ടീം ഒരു ആംബുലൻസ് സഹിതം സന്നിഹിതമായിരിക്കും. 

പ്രൊഫഷണൽ ക്രിക്കറ്റ് അംബയറിംഗിന് ലൈസൻസുള്ള അംബയർമാരായിരിക്കും നിഷ്പക്ഷമായി ടൂർണമെന്റ് നിയന്ത്രിക്കുന്നത്. 

മലയാളി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീം മനേജർമാർ എത്രേയും വേഗം സംഘാടകരുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യേണ്ടതാണ്, കാരണം തുടക്കം ആയതു കൊണ്ട്, 20 ടീമുകളെ മാത്രമേ ലീഗിൽ ഉപ്പെടുത്തുവാൻ സംഘാടകർ ഉദ്ദേശിക്കുന്നുള്ളു.

കൂടുതൽ വിവരങ്ങൾക്ക്:

സുനോജ് മല്ലപ്പള്ളി 267 463 3085

ബിനു ആനിക്കാട് 267 235 4345

അലക്സ് ചിലമ്പിട്ടശേരി 908 313 6121

മധു കൊട്ടാരക്കര 609 903 7777

ബിനു ചെറിയാൻ 215 828 3292

നിബു ഫിലിപ്പ് 215 696 5001

MCL

LEAVE A REPLY

Please enter your comment!
Please enter your name here