ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29-ാം തിയതി  ശനിയാഴ്ച രാവിലെ 9.30 മുതല്‍ സ്റ്റോഫോര്‍ഡിലെ റിലയബിള്‍ റിയല്‍റ്റേഴ്‌സ് ബില്‍ഡിംഗ് ഹാളില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും അത്യന്തം മാതൃകാപരവും വിജയകരവുമായി. രോഗചികിത്സക്കും നിവാരണത്തിനും, അശരണര്‍ക്കും ആലംബഹീനര്‍ക്കും സാധാരണക്കാര്‍ക്കും പ്രാഥമികമായ അറിവും മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു മെഡിക്കല്‍ ക്യാമ്പായിരുന്നു അത്. മതിയായ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ പ്രായമായ വ്യക്തികള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഒരു അനുഗ്രഹവും ആശ്വാസവുമായിരുന്നു കാപ്‌സിന്റെ ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആബാലവൃദ്ധം പൊതുജനങ്ങളാണ് സൗജന്യ മെഡിക്കല്‍ സേവനത്തിനായി ക്യാമ്പിലെത്തിയത്.

ഈശ്വരപ്രാര്‍ത്ഥനക്കു ശേഷം കാപ്‌സിന്റെ പ്രസിഡന്റ് നയിനാന്‍ മാത്തുള്ള മെഡിക്കല്‍ ക്യാമ്പിനെത്തിയ സദസ്സിനെയും മെഡിക്കല്‍ സേവനം നല്‍കുന്നതിനായെത്തിയ ഫിസിഷ്യന്‍സ്, നഴ്‌സസ്, വിവിധ മെഡിക്കല്‍ ടെക്‌നീഷ്യന്‍സിനേയും ഈ മഹനീയ സംരഭത്തിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. ഡോക്ടര്‍ മനു ചാക്കോ മെഡിക്കല്‍ ടീമിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വിവിധ ആരോഗ്യമേഖലയിലെ സ്‌പെഷ്യലൈസ് ചെക്കപ്പിനായി, റജിസ്‌ട്രേഷന്‍, ബ്ലഡ് ടെസ്റ്റ്,  ലാബ്, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ്, എന്റൊക്രിനോളജി, ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍ ചെക്കപ്പ്, എക്കോ കാര്‍ഡിയോഗ്രാം ചെക്കപ്പ്,  തുടങ്ങിയവക്കായി റൂമുകളും ബൂത്തുകളുമുണ്ടായിരുന്നുഈ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് രാവിലെ മുതല്‍ ജനങ്ങള്‍ വന്നും പോയികൊണ്ടുമിരുന്നൂ.

ഇന്ത്യന്‍ നഴ്‌സസിന്റെ ഒരു വന്‍നിര തന്നെ സേവനത്തിനായി രംഗത്തു പ്രവര്‍ത്തിച്ചു. മെഡിസിന്‍ വേണ്ടവര്‍ക്ക് ഹ്യൂസ്റ്റനിലെ പി.ആര്‍. ഫാര്‍മസി സൗജന്യമായി മരുന്നുകള്‍ നല്‍കി. ഡോക്ടര്‍ ജയരാമന്‍, ഡോക്ടര്‍ മനു ചാക്കൊ, ഡോക്ടര്‍ ഷാന്‍സി ജേക്കബ്, തുടങ്ങിയ പ്രമുഖ ഫിസിഷ്യ•ാര്‍ പരിശോധനയും ഉപദേശങ്ങളും നല്‍കുകയും മരുന്നുകള്‍ കുറിക്കുകയും ചെയ്തു. കൂടുതല്‍ ഉപദേശങ്ങളൊ രോഗചികിത്സയൊ വേണ്ടവരെ ഇന്ത്യന്‍ ഡോക്‌ടേര്‍സ് ചാരിറ്റി ക്ലിനിക്കിലേക്ക് (IDC CLINIC HOUSTON)  റഫര്‍ ചെയ്തു. , ഈശൊ ജേക്കബും, ജോണ്‍സന്‍ ഡെവലപ്പുമെന്റും, മെഡിക്കല്‍ ക്യാമ്പിന്റെ സ്‌പോണ്‍സേര്‍സ് ആയിരുന്നു. തോമസ് മാത്യു, വറുഗീസ് ഫിന്നി, റോസമ്മ ഫിന്നി, വിനോദ് ഐക്കിരേത്ത്, തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ഈ സംരഭത്തെ സഹായിച്ചവരാണ്. സേവനത്തിന്റെ അംഗീകാരമായ വിശിഷ്ട സേവന സര്‍ട്ടിഫിക്കറ്റുകള്‍ മെഡിക്കല്‍ വിദഗ്ധന്‍മാര്‍ക്ക് നല്‍കി CAPS  ആദരിച്ചു. സന്നിഹിതരായ ഏവര്‍ക്കും പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു. നയിനാന്‍ മാത്തുള്ള, ഷിജിമോന്‍ ഇഞ്ചനാട്ട്, എബ്രഹാം തോമസ്,  തോമസ് തയ്യില്‍, പൊന്നുപിള്ള, റെനി കവലയില്‍, കെ. കെ. ചെറിയാന്‍, തുടങ്ങിയവര്‍ കാപ്‌സിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പല പ്രമുഖരും ഈ മെഡിക്കല്‍ ക്യാമ്പിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. മറ്റു സംഘടനകള്‍ക്ക് പ്രചോദനവും മാതൃകയുമായി കാപ്‌സിന്റെ മെഡിക്കല്‍ ക്യാമ്പ് ഒരു വന്‍വിജയമായി കലാശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here