ഷിക്കാഗോ: അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാലുമായി കൊച്ചിന്‍ ക്ലബ് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി.

മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രമീള ജയ്പാല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളക്കരയിലെ പാലക്കാട്ടു നിന്നും മദ്രാസിലേക്കു കുടിയേറിയ മേനോന്‍ കുടുംബത്തിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ പഠിക്കുവാനായി അമേരിക്കയില്‍ എത്തി ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എയും കരസ്ഥമാക്കി.

അമേരിക്കയിലെ കുടിയേറ്റ നിയമ പ്രശ്‌നങ്ങള്‍ കൈകര്യം ചെയ്യുന്നതില്‍ പ്രത്യേക പങ്കുവഹിച്ച പ്രമീള ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയാകുകയും ജനപ്രതിനിധി സഭയില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യന്‍ വംശജയാകുകയും ചെയ്തു. ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ കേരളത്തിലെ തിരുവനന്തപുരത്ത് താമസിക്കാനുള്ള അവസരം ലഭിക്കുകയും ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യയെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. (പില്‍ഗ്രിമേജ് ടു ഇന്ത്യ, എ വുമണ്‍ വിസിറ്റിംഗ് ഹേര്‍ ഹോം ലാന്‍ഡ്).

കൊച്ചിന്‍ ക്ലബ് ഭാരവാഹികളായ ഹെറാള്‍ഡ് ഫിഗുരേദോ, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ബിജി ഫിലിപ്പ് ഇടാട്ട് എന്നിവര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രമീള ജയ്പാല്‍ പ്രസംഗിച്ചു. പ്രമീളയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന കൊച്ചിന്‍ ക്ലബ് ഭാരവാഹികള്‍ അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here