വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ വംശജ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമലയും ബൈഡനും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം ജോലി ശരിയ്ക്കും ചെയ്യാത്ത ആളാണെന്നും ഒരു നേതാവിന് വേണ്ടി അമേരിയ്ക്ക കരയുകയാണെന്നും കമല പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് ട്രംപിനെതിരെ കമല ആഞ്ഞടിച്ചത്.

കമല ക്ഷോഭിക്കുന്ന, ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്ന് ട്രംപ് ആക്ഷേപിച്ചതിന് മറുപടി കൂടിയാണിത്.ജോ ബൈഡന്റെ സ്വന്തം നാടായ ഡെലവറിലെ വിൽമിംഗ്‍ടണിലായിരുന്നു കമലാ ഹാരിസുമൊത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി.അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ തന്നെ ഇവർക്കെതിരെ ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.

കമലയെ ജോ ബൈഡൻ തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമർശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.എന്നാൽ, കമലയെ പരിഹസിച്ച ട്രംപിന്റെ നടപടി മോശമാണെന്ന് ബൈഡൻ തുറന്നടിച്ചു. ട്രംപിന് അറിയാവുന്ന പണി പരിഹസിക്കൽ മാത്രമാണെന്ന് പറഞ്ഞ ബൈഡൻ ഇതൊരു തരംതാണ പ്രവൃത്തിയാണെന്നും ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here