ചിക്കാഗോ: ലോക മലയാളി കുടുംബങ്ങളിലെ ചില ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ കൊടിയ
പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നുവെന്നതിന് ഒട്ടേറെ
ഉദാഹരണങ്ങളുണ്ട്. അതിനാല്‍ത്തന്നെ എല്ലാം ഒരു ഒറ്റപ്പെട്ട സംഭവമായി
കാണാനാവില്ല. കാരണം നമ്മുടെ സമൂഹം അറിഞ്ഞും അതിലേറെ അറിയപ്പെടാതെയും ഒരുപാട്
കുടുംബ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ള
അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന ഗാര്‍ഹിക പീഡനങ്ങള്‍ എക്കാലത്തും
പലയിടങ്ങളിലായി അരങ്ങേറിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ മാത്രമല്ല
കുട്ടികളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകാറുണ്ട്. മാതാപിതാക്കളുടെ
പ്രവൃത്തികളില്‍ നിന്നാണ് കുട്ടികളിലേയ്ക്കുമത് വ്യാപിക്കുന്നത്. ഇത്
അപകടകരമായ മാനസിക ദൗര്‍ബല്യവും രോഗവും തന്നെയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്
വേഗത്തില്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണിത്. ഗൗരവമായി ചര്‍ച്ച
ചെയ്യപ്പെടേണ്ടതും. കുടുംബത്തിലെ ഐക്യവും മനപ്പൊരുത്തവും ശ്രുതിമധുരമാക്കുക
എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, മലയാളികള്‍ക്ക് സുപരിചിതനും ലോക പ്രശസ്ത
മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ബ്രാന്‍ഡ്
അംബാസഡര്‍ ആയി ‘എംപാഷ ഗ്ലോബല്‍’ ചിക്കാഗോ ആസ്ഥാനമായി
രൂപവത്ക്കരിച്ചിരിക്കുന്നു. വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങളെ
ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ഓര്‍ഗനൈസേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുന്നത്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പലതരത്തിലുള്ള യോജിപ്പില്ലായ്മ
ഉടെലടുക്കാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ഈഗോ പ്രശ്‌നങ്ങള്‍, മാനസികമായ
സന്തുലനം ഇല്ലായ്മ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനാസക്തി, വിവാഹേതര ബന്ധങ്ങള്‍
തുടങ്ങിയവ ആരോഗ്യകരമായ ദാമ്പത്യ ബന്ധത്തിന് വിഘാതമായി രൂപപ്പെടാറുണ്ട്. മലയാളി
സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ മൂലം സംഭവിക്കുന്ന ശാരീരിക പീഡനങ്ങളും അതുവഴി
ഉണ്ടായേക്കാവുന്ന കൊലപാതകങ്ങളും ഒഴിവാക്കാന്‍ ഉചിതമായ, ഫലപ്രദമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ
പരമപ്രധാനമായ ലക്ഷ്യം. ഒപ്പം കുട്ടികള്‍ക്കും ഈ അസ്വാരസ്യങ്ങളില്‍ നിന്നുള്ള
ശാശ്വത മോചനം ആവശ്യമാണ്.

കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളും
സ്വാഭാവികമാണ്. അത് വല്ലാതെ വഷളാകുന്നതിനു മുമ്പ് കെട്ടുറപ്പിന്റെ
ഭാഷ്യത്തിലുള്ള ഉപദേശവാക്കുകളോ സ്‌നേഹത്തില്‍ പൊതിഞ്ഞ സംസാരമോ പരിഗണനയുടെ
തലോടലുകളോ ആ വിഷയത്തെ ശമിപ്പിക്കാന്‍ പര്യാപ്തമാവും. ഈ ചിന്തയുടെ ബലത്തിലാണ്
ഓര്‍ഗനൈസേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എല്ലാ കുടുംബങ്ങളിലേക്കും
എത്തിക്കുന്നതിനായി ക്രമീകരിക്കപ്പെടുക. മൂല്യവത്തായ സന്ദേശങ്ങള്‍
കുടുംബത്തിലേക്ക് എത്തിക്കുന്നതു വഴി അത് ഭാവി തലമുറയുടെ കെട്ടുറപ്പിനും
ഗുണകരമാകത്തക്ക വിധത്തിലായിരിക്കും എംപാഷിയ ഗ്ലോബല്‍ പ്രതിജ്ഞാബദ്ധതയോടെ
നിസ്വാര്‍ത്ഥമായ സേവനത്തിന്റെ വാതായനങ്ങള്‍ തുറക്കുക.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കര്‍മ്മശേഷി കൊണ്ടും കറയറ്റ വ്യക്തിത്വത്താലും
അറിയപ്പെടുന്ന മന്മധന്‍ നായര്‍ (ഡാളസ്), ജോണ്‍ ടൈറ്റസ് (സിയാറ്റില്‍), ഡോ.
സാറാ ഈശോ (ന്യൂയോര്‍ക്ക്), അരുണ്‍ നെല്ലാമറ്റം (ചിക്കാഗോ) എന്നിവരടങ്ങുന്നതാണ്
അഡൈ്വസറി ബോര്‍ഡ്. ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), ബബ്‌ലു ചാക്കോ
(നാഷ്‌വില്‍), ജിതേഷ് ചുങ്കത്ത് (ചിക്കാഗോ), വിനോദ് കോണ്ടൂര്‍
(ഡിട്രോയിറ്റ്), ബിജി സി മാണി (ചിക്കാഗോ), ജോണ്‍ പാട്ടപതി (ചിക്കാഗോ), ബിജു
ജോസഫ് (നാഷ്‌വില്‍) എന്നിവര്‍ ഓര്‍ഗനൈസേഷന്റെ പതാകാ വാഹകരാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ കമ്മറ്റി അംഗങ്ങളായിരിക്കും.
കൂടാതെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായവര്‍ സംഘടനയെ സജീവമായി നയിക്കും.
നമുക്കു പരിചിതമായ ഒരു സംഘടനാ സ്വഭാവത്തിലായിരിക്കില്ല എംപാഷിയ ഗ്ലോബല്‍
പ്രവര്‍ത്തിക്കുക. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനും അതിന്
ദീര്‍ഘകാലത്തേക്ക് പിന്‍തുടര്‍ച്ച ഉണ്ടാകുന്നതിനും ഒരു സ്ഥിരം സംവിധാനമാണ്
നേതൃനിരയില്‍ ഉണ്ടാവുക. ഒന്നാ രണ്ടോ വര്‍ഷത്തേയ്ക്ക് ഭാരവാഹികളെ
തിരഞ്ഞെടുത്തുന്നതുമൂലം കണ്ടിന്യൂവിറ്റി ഉണ്ടാവില്ല. എന്നാല്‍ എല്ലാവരെയും
വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും എംപാഷിയ ഗ്ലോബല്‍ പ്രവര്‍ത്തിക്കുക.

കുടുംബബന്ധങ്ങളിലെ ഐക്യവും പൊരുത്തവുമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്
എന്നതിനാല്‍ ആ സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കാന്‍ സമയം എടുക്കും എന്നത്
ഒരു വസ്തുതയാണ്. കൃത്യമായ ബോധവത്ക്കരണം ഗൗരവതരമായ ഈ വിഷയത്തിന് അനിവാര്യമാണ്.
അഞ്ചു കുടുംബങ്ങള്‍ എടുത്താല്‍ അതിലൊരു കുടുംബത്തിലെ ഒരു വ്യക്തി ഏതെങ്കിലും
തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആളായിരിക്കും എന്നാണ് സമീപകാല
സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അത്തരം മാനസിക വൈകല്യങ്ങള്‍ കൊണ്ട്
പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമല്ല. വിധത്തില്‍ പുരുഷന്‍മാരും
പ്രയാസങ്ങള്‍ അനുഭവിക്കുന്നുവെന്നും കാണാം. പുരുഷന്‍ വൈകാരികമായ
അവസ്ഥയിലെത്തുമ്പോഴാണ് സ്ത്രീകള്‍ ശാരീരികമായി ആക്രമിക്കപ്പെടുക.

ഈ വിഷയങ്ങള്‍ക്കെല്ലാം അടിയന്തിരവും ശാശ്വതവുമായ പരിഹാര നിര്‍ദ്ദേശങ്ങള്‍
എല്ലാ മലയാളി കുടുംബങ്ങളിലും എത്തിക്കുന്നതിനായാണ് ഡോക്ടര്‍മാര്‍,
മനശാസ്തജ്ഞര്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലിങ്ങ്
വിദഗ്ധര്‍ തുടങ്ങി സമസ്ത മേഖലകളിലേയും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഒരു
പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിക്കൊണ്ട് എംപാഷിയ ഗ്ലോബല്‍ പ്രവര്‍ത്തനത്തിന്
ഹരിശ്രീ കുറിക്കുന്നത്.

ഈ ഉദ്യമത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും ഹൃദയപൂര്‍വ്വം സ്വാഗതം
ചെയ്യുന്നു. നിങ്ങളുടെയെല്ലാം സജീവമായ പങ്കാളിത്തമാണ് ഇതിന്റെ വിജയത്തിന്റെ
ആധാരശില. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ എല്ലാ
മനസ്സുകളിലേക്കും ഒരുമയുടെ ദീപശിഖയുമായി ഇറങ്ങിച്ചെല്ലുക എന്നതാണ് ഈ സംഘടനയുടെ
മുദ്രാവാക്യം. ഇത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് എന്ന്
തിരിച്ചറിഞ്ഞുകൊണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് പാര്‍ക്കാം
നൈര്‍മ്മല്ല്യമുള്ള കുടുംബങ്ങളില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973
വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952

LEAVE A REPLY

Please enter your comment!
Please enter your name here