വാഷിങ്‌ടൺ: കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അമേരിക്ക ആര്‌ ഭരിക്കണം എന്ന്‌ തീരുമാനിക്കുന്നത്‌ ഹാക്കർമാരായിരിക്കുമോ? സാധ്യത ഇല്ലാതില്ല എന്നാണ്‌ സോഫ്‌റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്‌റ്റ്‌ നൽകുന്ന സൂചന. രണ്ട്‌ പ്രധാന പാർടിയുടെയും പ്രചാരണസംവിധാനങ്ങളിൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റശ്രമം ഉണ്ടെന്ന്‌ മൈക്രോസോഫ്‌റ്റ്‌ ഉപഭോക്തൃ സുരക്ഷാ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ടോം ബർട്ട്‌ ബ്ലോഗ്‌ പോസ്‌റ്റിലൂടെ അറിയിച്ചു. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്ക്‌ വേണ്ടിയാണ്‌ ഹാക്കർമാരുടെ കളി.

കഴിഞ്ഞതവണ റഷ്യൻ ഹാക്കർമാരായിരുന്നു ഡോണൾഡ്‌ ട്രംപിന്റെ വിജയത്തിന്‌ പിന്നിൽ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ നടിക്കുന്ന അമേരിക്കയിൽ ഇത്തവണയും സ്ഥിതിയിൽ മാറ്റമില്ല എന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ വ്യക്തമാക്കുന്നത്‌. ഏത്‌ രാജ്യത്തിന്‌ വേണ്ടിയുള്ള ഇടപെടലാണ്‌ കൂടുതൽ ഗുരുതരം എന്ന്‌ മൈക്രോസോഫ്‌റ്റ്‌ പറഞ്ഞിട്ടില്ല.

എന്നാൽ, റഷ്യൻ ഇടപെടലാണ്‌ തീവ്രം എന്നാണ്‌ സൈബർ സുരക്ഷാ കേന്ദ്രങ്ങൾ കണക്കാക്കുന്നത്‌. 2016ലെ തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ച റഷ്യൻ സൈനിക രഹസ്യാന്വേഷണ യൂണിറ്റ്‌ തന്നെ ഇത്തവണയും സജീവമായി രംഗത്തുണ്ട്‌. പാർടികളുടെ പ്രചാരണ വിഭാഗങ്ങളും ഉപദേഷ്ടാക്കളുടെ ഓഫീസുകളും അടക്കം 200ൽപരം കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറാൻ ‘ഫാൻസി ബെയർ’ എന്ന റഷ്യൻ യൂണിറ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. ഇത്‌ എത്രമാത്രം വിജയിച്ചു എന്ന്‌ മൈക്രോസോഫ്‌റ്റ്‌ വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടീഷ്‌, യൂറോപ്യൻ രാഷ്‌ട്രീയ സംഘങ്ങളിലും യുഎസ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഹാക്കിങ്‌ ശ്രമമുണ്ട്‌.

ഭൂരിപക്ഷം നുഴഞ്ഞുകയറ്റശ്രമങ്ങളും തടഞ്ഞതായി മൈക്രോസോഫ്‌റ്റ്‌ പറയുന്നു. റഷ്യ ട്രംപിനെയും ചൈന എതിർസ്ഥാനാർഥി ജോ ബൈഡനെയും അനുകൂലിക്കുന്നതായി കഴിഞ്ഞ മാസം യുഎസ്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചൈനീസ്‌ ഹാക്കർമാർ പ്രധാനമായും സാമ്പത്തിക, രാഷ്‌ട്രീയ നേട്ടങ്ങൾക്കുള്ള വിവരങ്ങൾ ശേഖരിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാൽ, ചോർത്തിയ വിവരങ്ങൾ ആയുധമാക്കി മറ്റ്‌ സർക്കാരുകളെ അസ്ഥിരീകരിക്കുകയാണ്‌ റഷ്യയുടെ ലക്ഷ്യം എന്നാണ്‌ റിപ്പോർട്ട്‌.

തെരഞ്ഞെടുപ്പിൽ ജനവിശ്വാസം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങൾ നീക്കാൻ ആവശ്യമായ നയം അടുത്ത ആഴ്‌ചമുതൽ നടപ്പാക്കുമെന്ന്‌ ട്വിറ്റർ അറിയിച്ചിട്ടുണ്ട്‌. ഗൂഗിളും സമാന നടപടികൾ സ്വീകരിക്കുകയാണ്‌. ഇതിനിടെ പരാജയപ്പെട്ടാൽ അധികാരം വിട്ടുകൊടുക്കാതിരിക്കാൻ ഹാക്കിങ്ങും ക്രമക്കേടും ട്രംപ്‌ ആയുധമാക്കുമോ എന്ന ആശങ്കയും അമേരിക്കയിൽ ഉയരുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here