വാഷിങ്ടൻ: ജോ ബൈഡന്റെ ആധികാരിക വിജയം, സ്വന്തം പാർട്ടിയിൽനിന്നു തന്നെയുള്ള എതിർപ്പ്, കൈവിടുന്ന കോടതികൾ – ഒടുവിൽ താൻ തോറ്റിരിക്കുന്നുവെന്നു ഡോണൾഡ് ട്രംപ് തിരിച്ചറിയുകയാണോ?
ജനവിധി അംഗീകരിക്കുന്നതിന്റെ ആദ്യ സൂചനകൾ ഇന്നലെ ട്രംപ് നൽകി. വൈറ്റ്ഹൗസിൽ കൊറോണ വാക്സിനെക്കുറിച്ചു സംസാരിക്കവേയാണ് ‘ഭാവിയിൽ ആരെന്നുമെന്തെന്നുമാർക്കറിയാം’ എന്ന് അദ്ദേഹം സൂചിപ്പിച്ചത്. ‘‘ലോക്ഡൗണിലേക്ക് ഇനിയും പോകാൻ ഈ ഭരണകൂടം ആലോചിക്കുന്നില്ല. നാളെ എന്താകുമെന്ന കാര്യം… ആർക്കറിയാം? ഏതു ഭരണമാകും ഭാവിയിലെന്ന് കാലം നിശ്ചയിക്കും’’– ഇതായിരുന്നു ട്രംപിന്റെ വാചകങ്ങൾ. യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ച് പുതിയ റെക്കോർഡിലെത്തുകയാണ്.

ഇതേസമയം, വോട്ടു കൃത്രിമത്തെക്കുറിച്ച് ട്വിറ്ററിൽ ട്രംപ് വാദങ്ങൾ തുടരുന്നുണ്ട്. വാഷിങ്ടനിൽ അടക്കം അദ്ദേഹത്തിന്റെ അനുകൂലികൾ റാലികൾ നടത്തി.

കോടതി തള്ളി; പാർട്ടി കൈവിട്ടു
നിർണായക സംസ്ഥാനങ്ങളിൽ – പെൻസിൽവേനിയ, മിഷിഗൻ, അരിസോന – തിരഞ്ഞെടുപ്പു കൃത്രിമം സംബന്ധിച്ചു ട്രംപ് പക്ഷം നൽകിയ ഹർജികൾ കോടതികൾ തള്ളി. പിന്നാലെ, ഇലക്ടറൽ അംഗങ്ങളെ മാറ്റാനുള്ള നീക്കത്തിനൊപ്പം നിൽക്കില്ലെന്ന് അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ നിലപാടെടുത്തു.
ഒരു സംസ്ഥാനത്ത് വിജയിച്ച പാർട്ടിയുടെ ഇലക്ടറൽ അംഗങ്ങളെ ഒഴിവാക്കി മറ്റൊരു പട്ടിക നൽകാൻ സംസ്ഥാനത്തെ ജനപ്രതിനിധി സഭയ്ക്ക് അധികാരമുണ്ട്. ശരിയായ വിജയിയെ കണ്ടെത്താൻ തിരഞ്ഞെടുപ്പിലൂടെ സാധിച്ചില്ലെങ്കിലാണ് ഇങ്ങനെ ചെയ്യേണ്ടത്.

ബൈഡൻ ജയം നേടിയ പെൻസിൽവേനിയ (20 ഇലക്ടർമാർ), മിഷിഗൻ (16), അരിസോന (11), വിസ്കോൻസെൻ (10), മുന്നിലുള്ള ജോർജിയ (16) എന്നിവിടങ്ങളിലെല്ലാം റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സംസ്ഥാന സഭകളിൽ ഭൂരിപക്ഷം. എന്നാൽ, ആ സാധ്യതയ്ക്കും തിരിച്ചടിയേറ്റതോടെ ട്രംപിനു മുന്നിലെ അവസാനവഴിയും അടയുകയാണ്.

ഫലം തനിയാവർത്തനം
വോട്ടെണ്ണിത്തീരാനുള്ള ജോർജിയയിൽ ബൈഡനും നോർത്ത് കാരലൈനയിൽ ട്രംപും ജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഫലം ഔദ്യോഗികമായി വന്നിട്ടില്ല. ജോർജിയയിൽ ബൈഡനു 14,000 വോട്ടിലേറെ മേൽക്കൈ ഉള്ളതിനാൽ ഇതു മാറില്ലെന്നാണു നിഗമനം. ഇതോടെ, 2016 ൽ ട്രംപ് ജയിച്ച അതേ ഇലക്ടറൽ വോട്ട് – 306 – ബൈഡനു കിട്ടും. നോർത്ത് കാരലൈനയിൽ ട്രംപ് ജയിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ട്രംപിന് 232 വോട്ട് 232.

 

LEAVE A REPLY

Please enter your comment!
Please enter your name here