വിജയവാഡ: വീസ കൺ‍സൽറ്റന്റുമാർ എന്ന വ്യാജേന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യൻ ദമ്പതികൾക്ക് യുഎസിൽ ലുക്കൗട്ട് നോട്ടിസ്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽനിന്നുള്ള മുത്‌യല സുനിൽ, ഭാര്യ പ്രണിത എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ദമ്പതികൾ യുഎസ് വിട്ടെന്നും യൂറോപ്പിൽ എവിടെയോ ആണെന്നുമാണ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച അറ്റ്ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ് എച്ച് 1 ബി വീസയുടെ പേരിൽ ദമ്പതികൾ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. നിരവധി പേരിൽനിന്നാണ് ദമ്പതികൾ പണം വാങ്ങിയിരുന്നത്.

വീസ വാഗ്ദാനം ചെയ്ത് കോളജ് വിദ്യാർഥികളിൽനിന്ന് 25,000 യുഎസ് ഡോളർ വീതം പിരിച്ചെടുത്തതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 കോടി രൂപ തട്ടിയെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ആന്ധ്രയിൽനിന്നുള്ള നിരവധി വിദ്യാർഥികളും ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പൊലീസ് പറയുന്നു. 30ഓളം വിദ്യാർഥികളാണ് പരാതി നൽകിയത്. സുനിലിന്റെ പിതാവ് സത്യനാരായണയും ഒളിവിലാണ്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇന്റർപോളും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here