ന്യൂയോര്‍ക്ക്:   യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റസ്റ്റോറന്റില്‍  നടന്ന ‘പ്രവാസി ഭാരതീയ ദിവസ്’ എന്ന സമ്മേളനത്തില്‍ പ്രമുഖ മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ജസ്റ്റീസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും സാധിക്കുന്ന രീതിയില്‍ അവ പരിഹരിക്കുന്നതിനും വേണ്ടി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്ന ഔട്ട് റിച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.

ഈ സമ്മേളനത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡപ്യൂട്ട് കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മോഹപത്ര പങ്കെടുക്കുകയും സദസ്യരില്‍ നിന്നുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഈ സമ്മേളനം വിജ്ഞാനപ്രദവും പ്രയോജനകരവുമായിരുന്നുവെന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും പ്രാദേശിക തലത്തില്‍ ഇതിന് നേതൃത്വം നല്‍കിയവരെയും അവര്‍ അഭിനന്ദിച്ചു.

ഇരട്ട പൗരത്വം, പിഐഒ കാര്‍ഡ്, ഒസിഐ കാര്‍ഡ്, വിസ ഔട്ട് സോഴ്‌സിങ്, അമേരിക്കയില്‍ ഭാരതീയര്‍ നേരിടുന്ന നിയമ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് എത്രമാത്രം ഇടപെടാന്‍ കഴിയും എച്ച്ഒണ്‍ബി വിസക്കാരുടെ പ്രശ്‌നങ്ങള്‍, അമേരിക്കയില്‍ ജനിക്കുന്ന അവരുടെ മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം കെട്ടിയേല്‍പ്പിക്കപ്പെടുന്നതുവഴി മടങ്ങി പോകുന്ന മാതാപിതാക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ എന്നിവയെക്കുറിച്ചൊക്കെ ചോദ്യങ്ങളുയര്‍ന്നു. അത്തരം പ്രശ്‌നങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്തു പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും പ്രത്യേകിച്ച് സജിന്‍ സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ച് ആ യുവാവിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യാന്‍ കോണ്‍സലേറ്റധികൃതര്‍ തയ്യാറാകണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കൈമാറുന്നതിനായി ജെഎഫ്എ പ്രവര്‍ത്തകര്‍ ഡോ. മനോജ് കുമാര്‍ മോഹപത്രയെ ഏല്‍പിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി ചെയ്യണമെന്നുളള മറ്റൊരു നിവേദനവും അവര്‍ ഡോ. മനോജ് കുമാര്‍ മോഹപത്രക്ക് നല്‍കി.

ഈ സമ്മേളനത്തില്‍ പ്രമുഖ പ്രവാസി നേതാക്കന്മാര്‍ക്ക് കോണ്‍സാലേറ്റ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് എന്ന നിലയിലും യോഗാ ഗുരു എന്ന നിലയിലും തോമസ് കൂവളളൂര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കി കോണ്‍സുലേറ്റ് ആദരിച്ചു.
ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവളളൂരിന്റെ നേതൃത്വത്തില്‍ അനില്‍ പുത്തന്‍ചിറ, ഇട്ടന്‍ ജോര്‍ജ്, ലൈസി അലക്‌സ് പാടിയേടത്ത്, ആനി ലീബു, എം. കെ. മാത്യൂസ്, ലിജോ ജോണ്‍, ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. ജെഎഫ്എയുടെ ക്ഷണിതാക്കളായി ലാ റൂച്ച് പ്രസ്ഥാനത്തില്‍ നിന്നും അവ് നീത് ഹാള്‍, ഏലിയട്ട് ഗ്രീന്‍സ് പാല്‍, സൂപ്പര്‍ മോഡല്‍ പ്രകാശ് പാട്ടീല്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here