ഓരോ ദിവസവും 3000-ൽ പരം മരണം

മാസ്ക് ധരിക്കുന്നതിലുള്ള രാഷ്ട്രീയ ഭിന്നിപ്പിനെക്കുറിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ വിശദീകരിച്ചിരുന്നു. ബുധനാഴ്ച ക്യാപിറ്റോൾ മന്ദിരം ട്രംപ് അനുകൂലികൾ ആക്രമിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ രക്ഷയ്ക്കായി മറ്റൊരു സ്ഥലത്ത് ഒത്തുചേർന്ന സമയം, റിപ്പബ്ലിക്കന്മാരോട് മാസ്ക് ധരിക്കാൻ ഡെമോക്രാറ്റിക്‌ അംഗം ആവശ്യപ്പെട്ടത് നിരസിച്ചെന്ന് കേട്ട് അമ്പരപ്പെട്ടെന്നാണ് ബൈഡൻ പറഞ്ഞത്. ഭയന്നതുപോലെ സംഭവിച്ചിരിക്കുന്നു. വാഷിംഗ്ടണിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ പ്രതിനിധി മലയാളിയായ പ്രമീള ജയപാലിന്റെ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് തിങ്കളാഴ്‌ച രാത്രി സ്ഥിരീകരണം ഉണ്ടായി. ഇതോടെ ക്യാപിറ്റോളിൽ അന്നുണ്ടായിരുന്ന രണ്ടാമത്തെ കോൺഗ്രസംഗത്തിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂജേഴ്‌സി കോൺഗ്രസംഗം ബോണി വാട്സണിന്റെ ഫലമാണ് ആദ്യം പോസിറ്റീവായത്.

മാസ്ക് വയ്ക്കാതിരുന്ന റിപ്പബ്ലിക്കൻ പ്രതിനിധികൾക്കൊപ്പം സുരക്ഷയുടെ ഭാഗമായി മണിക്കൂറുകൾ കഴിയേണ്ടി വന്ന അനുഭവം ജയപാലും വാട്സണും പങ്കുവച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോൾ ഇരുവരും ഒരേ മുറിയിൽ ആയിരുന്നോ എന്ന് വ്യക്തമല്ല. ഞായറാഴ്‌ച, കോൺഗ്രസ് ഓഫിസിന്റെ ഫിസിഷ്യനായ ഡോ. ബ്രയാൻ മോനഹാൻ സഭാംഗങ്ങൾക്ക് വൈറസ് ബാധിച്ചിരിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ജയപാൽ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഐസൊലേഷനിൽ തുടർന്നുകൊണ്ട് തന്റെ ജോലി ചെയ്യുമെന്ന് പ്രമീള ജയപാൽ വ്യക്തമാക്കി.

കോവിഡ് മരണം 3,75,000 പിന്നിട്ടു; ഓരോ ദിവസവും 3000-ൽ പരം മരണം. എന്തൊക്കെ പ്രതീക്ഷകൾ മുന്നോട്ടു വച്ചാലും, യു എസിൽ നിലനിൽക്കുന്ന മഹാമാരിയുടെ ഭീതി പിടിച്ചുകെട്ടാൻ അവയൊന്നും പര്യാപ്തമല്ല. ഏഴുദിവസത്തെ ശരാശരി കോവിഡ് മരണനിരക്ക് 3,000 ഭേദിച്ച് ഞായറാഴ്‌ച 3249 ൽ എത്തി. തിങ്കളാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം, അമേരിക്കയിലെ ആകെ കോവിഡ് മരണങ്ങൾ 3,75,000 പിന്നിട്ടു. കാലിഫോണിയയിൽ മാത്രം 3,300 ൽ അധികം ആളുകളാണ് കഴിഞ്ഞ ആഴ്‌ച കോവിഡ് ബാധിച്ച് ജീവൻ വെടിഞ്ഞത്. ന്യൂയോർക് ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും വാരാന്ത്യ മരണക്കണക്കുകൾ ഇതുവരെ ഇത്രത്തോളം എത്തിയിട്ടില്ല.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെയും സ്ഥിരീകരിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനവാണ് കണ്ടുവരുന്നത്. ശരാശരി 2,54.866 പുതിയ കേസുകളാണ് ദിനംപ്രതി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാഴ്‌ച മുൻപത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 38 ശതമാനമാണ് വർദ്ധനവ്. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന കണക്കുകൾപ്രകാരം,യു എസിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 22.4 മില്യൺ കടന്നു. പരിമിതമായ സൗകര്യങ്ങൾകൊണ്ട് രോഗികൾക്ക് ചികിത്സനൽകാൻ പാടുപെടുന്ന ആരോഗ്യ രംഗം, ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനും ഈ ദുഃഖസന്ധിയിൽ പരിശ്രമിച്ചു വരികയാണ്. തിങ്കളാഴ്ച വരെ 9 മില്യൺ ആളുകൾക്കാണ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത്. 2020 ഡിസംബർ 31 നുള്ളിൽ 20 മില്യണിൽ അധികം അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു ഫെഡറൽ ഗവൺമെന്റിന്റെ പ്രതീക്ഷ.

സംസ്ഥാനങ്ങൾക്കും ടെറിട്ടറികൾക്കും ഫെഡറൽ ഏജൻസികൾക്കും 22.1 മില്യണിൽ അധികം ഡോസുകൾ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് ഫെഡറൽ ഗവണ്മെന്റ് വെള്ളിയാഴ്‌ച വ്യക്തമാക്കി. തന്റെ ഉദ്ഘാടനദിവസം തന്നെ ലഭ്യമായ മുഴുവൻ ഡോസും സ്റ്റേറ്റിന് കൈമാറുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസിന്റെ ലഭ്യത ഉറപ്പാക്കാൻ നിലവിൽ ഫെഡറൽ ഗവണ്മെന്റ് വാക്സിൻ സ്റ്റോക്ക് ചെയ്യുന്നുണ്ട്. ആവശ്യക്കാർ കൂടിയതോടെ വാക്സിൻ കൂടുതൽ പേർക്ക് വേഗത്തിൽ ലഭിക്കാനുള്ള പദ്ധതികളും സ്റ്റേറ്റുകൾ വ്യാപിപ്പിച്ചുവരികയാണ്. ന്യൂയോർക്, ഫ്ലോറിഡ, ലൂസിയാന, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ വാക്സിൻ ലഭിക്കാൻ അർഹരായ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സി ഡി സി നിഷ്കർഷിച്ച മുൻഗണന പട്ടികയിൽപ്പെടുന്ന 21 മില്യൺ ആരോഗ്യ പ്രവർത്തകർക്കും 3 മില്യൺ നഴ്സിംഗ് ഹോം അന്തേവാസികൾക്കും ഇനിയും കുത്തിവയ്പ്പ് ലഭിച്ചിട്ടില്ല.

രണ്ടാമത്തെ ഡോസ് നിശ്ചയിച്ചപ്രകാരം വിതരണം ചെയ്യാൻ ലഭ്യതയുടെ പ്രശ്നം നേരിട്ടാൽ ‘ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട്’ ഏർപ്പെടുത്താമെന്ന് തിങ്കളാഴ്‌ച രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച ശേഷം ബൈഡൻ പറഞ്ഞതായി അദ്ദേഹത്തിന്റെ സംഘം അറിയിച്ചു. ‘വാക്സിൻ എത്തിക്കുന്നതിനാണ് എന്റെ പ്രഥമ പരിഗണന. മൂവായിരവും നാലായിരവും ആളുകളാണിവിടെ ദിവസവും മരിച്ചുവീഴുന്നത്. ‘ ബൈഡൻ പറഞ്ഞു. അദ്ദേഹവും ഉപദേശകരും ചേർന്ന് വാക്സിൻ വിതരണം ത്വരിതപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

മാസ്ക് ധരിക്കുന്നതിനും രാഷ്ട്രീയ ഭിന്നിപ്പ് രാജ്യത്ത് നിലനിൽക്കുന്നതായും ബൈഡൻ പരാമർശിച്ചു. യു എസ് ക്യാപിറ്റൽ മന്ദിരത്തിൽ ആക്രമണം നടന്നപ്പോൾ ഡെമോക്രാറ്റിക്കായ ഹൗസ് അംഗം, റിപ്പബ്ലിക്കൻ പ്രതിനിധികളോട് സുരക്ഷിതമായ മറ്റൊരു സ്ഥാനത്ത് കൂട്ടമായി നിൽക്കേണ്ടിവന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചത് തന്നെ അമ്പരപ്പെടുത്തി എന്നാണ് ബൈഡൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here