വാഷിങ്ടൻ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എത്തും. പെൻസിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താൻ പങ്കെടുക്കില്ലെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ ബൈഡന്റെ വിജയം സാധൂകരിക്കുന്ന ഇലക്ടറൽ വോട്ടുകളെണ്ണുമ്പോൾ അട്ടിമറി നടത്താനുള്ള ആഹ്വാനം തള്ളിയ പെൻസിനോട് അതിനുശേഷം ട്രംപ് സംസാരിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ ബുധനാഴ്ച പാർലമെന്റ് മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അതിക്രമം നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന പെൻസ് സുരക്ഷിതനാണോ എന്ന് അന്വേഷിക്കാൻ പോലും പ്രസിഡന്റ് ശ്രമിച്ചില്ലെന്നും വാർത്തകളുണ്ട്. പെൻസിന്റെ സ്റ്റാഫ് മേധാവി മാർക് ഷോർട്ടിനെ ഇനി കാണാൻ താൽപര്യമില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്– മെക്സിക്കോ അതിർത്തിയിൽ 400 മൈൽ വേലി പൂർത്തിയായതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനായി നാളെ ട്രംപ് ടെക്സസിലെ അലാമോയിലെത്തും.

ഇതിനിടെ, ട്രംപിനെതിരെ കുറ്റവിചാരണ പ്രമേയം ജനപ്രതിനിധി സഭയിൽ ഇന്ന് അവതരിപ്പിക്കും. വോട്ടെടുപ്പു ബുധനാഴ്ച നടന്നേക്കുമെന്നാണു സൂചന.

പാർലർ നീക്കി ആപ്പിൾ, ആമസോൺ

ട്രംപിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ കൂട്ടായ്മകളുടെ സമൂഹമാധ്യമ വേദിയായ ‘പാർലറി’ന് വൻപ്രഹരം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ ആപ്പിളും ആമസോണും കൂടി പാർലറിനെ കൈവിട്ടു. ഇതു കൂട്ടായ ആക്രമണമാണെന്നും വിപണിയിലെ മത്സരം പേടിച്ചാണെന്നും പാർലർ സിഇഒ ജോൺ മാറ്റ്സെ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here