ന്യൂഡൽഹി: മനീഷ് കുമാർ എന്ന ശുചീകരണ തൊഴിലാളിയ്‌ക്ക് നൽകിക്കൊണ്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചു. ഡൽഹി എയിംസിലാണ് ശുചീകരണ തൊഴിലാളി മനീഷ് കുമാറിന് വാക്‌സിനേഷൻ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വൽ ഉദ്‌ഘാടനം നടത്തി തുടക്കം കുറിച്ച വാക്‌സിനേഷൻ ചടങ്ങിൽ കൊവിൻ ആപ്പും പുറത്തിറക്കി. രാജ്യത്തിന്റെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണ് ഇന്നത്തെ വാക്‌സിനേഷനെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എയിംസിലെ ചടങ്ങിൽ ആരോഗ്യമന്ത്രി ഹർഷ വർദ്ധനും പങ്കെടുത്തു. എയിംസ് തലവൻ ഡോ.രൺദീപ് ഗുലേരിയയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇവിടെ മൂന്നാമതായാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.ഇന്ന് താൻ വളരെ സന്തുഷ്‌ടനും സംതൃപ്‌തനുമാണെന്ന് ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധൻ പ്രതികരിച്ചു. കൊവിഡിനെതിരെ സഞ്ജീവനിയായി ഈ വാക്‌സിൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബംഗളുരുവിൽ ഒരു നഴ്‌സിന് വാക്‌സിൻ നൽകി വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി യെദ്യൂരപ്പ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെയ് ത്‌ഷെറിംഗ് വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു.3006ഓളം ബൂത്തുകളിൽ മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. കൊവിഷീൽഡോ, കൊവാ‌ക്‌സിനോ ഒരു ബൂത്തിൽ നൂറ് പേർക്ക് നൽകും. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണം. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ. കുത്തിവയ്‌പ്പിന് ശേഷം ശരീരവേദനയും പനിയുമുണ്ടാകുന്നത് സാധാരണമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here