രാജേഷ് തില്ലങ്കേരി

ആർ എസ് പി എൽ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് ചേക്കേറുമ്പോൾ കൊല്ലം ജില്ലയിൽ ഒരു എം എൽ എ മാത്രമാണ് യു ഡി എഫിലേക്ക് വരാൻ മടിച്ചത്. അത് കോവൂർ കുഞ്ഞുമോൻ ആയിരുന്നു. അതിന് കാരണം അവിടെ കോവൂരിന്റെ ആർ എസ് പിക്കാർ ആരും ഇല്ലെന്നും, കുഞ്ഞുമോനെ സി പി എം ഓൾ പ്രമോഷൻ സ്‌കീമിൽ പെടുത്തി  കയറ്റിവിടുകയായിരുന്നു എന്നും ആർക്കും അറിയില്ലെങ്കിലും കുഞ്ഞുമോന് അറിയാമല്ലോ.

കുഞ്ഞുമോൻ ഒരു ഡ്യുപ്ലിക്കേറ്റ് പാർട്ടിയുണ്ടാക്കി. ആർ എസ് പി (കു) എന്നാണ് അതിന് ആദ്യം പേരിടാൻ തീരുമാനിച്ചിരുന്നത്, പിന്നീട് ബേബി ജോൺ ആണല്ലോ ആർ എസ് പിയുടെ ജീവാത്മാവും പരമാത്മാവും. അദ്ദേഹം ബോൾഷെവിക് ആയിരുന്നു, അതുകൊണ്ടുതന്നെ  കോവൂർജിക്ക്  ലെനിനിസ്റ്റ് ആവുന്നതിൽ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല.  രാഷ്ട്രീയത്തിൽ ആശയങ്ങളിൽ ആകൃഷ്ടനാവുന്നത് വ്യക്തികളെയൊന്നും നോക്കിയല്ലല്ലോ സാർ. കേരളത്തിൽ കേരളാ കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം കമ്യൂണിസ്റ്റു വിരുദ്ധതയായിരുന്നു. എന്നാൽ ,സാക്ഷാൽ കെ എം മാണിയുടെ മകൻ കേരളാ കോൺഗ്രസിനെ കമ്യൂണിസ്റ്റുകളുടെ തൊഴുത്തിൽ കൊണ്ടു കെട്ടി. ആശയങ്ങളല്ല, യഥാർത്ഥത്തിൽ ആമാശയമാണ് പ്രധാൻജി.

കാര്യങ്ങൾ പറഞ്ഞുവന്നത്, കോവൂർ കുഞ്ഞുമോൻ ഉണ്ടാക്കിയ ആർ എസ് പിയെകുറിച്ചും, ആ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നുമുള്ള പ്രസ്താവനയെക്കുറിച്ചുമാണ്. ആരാണ് ആർ എസ് പി ലെനിസ്റ്റ് എന്നു ചോദിച്ചാൽ ഒറ്റ മറുപടി മാത്രമേയുള്ളൂ. അത് കോവൂർ കുഞ്ഞുമോൻ എന്ന പരമ സ്വാത്വികനായ ലെനിനിസ്റ്റാണ്. സി പി എം കാർക്ക് മാർക്‌സിസമാണ് വഴിയെങ്കിൽ കോവൂരിന്റെ  ആർ എസ് പിക്ക് ലെനിനിസമാണ്. ഒരു വിപ്ലവ രക്തത്തെ മറ്റൊരു വിപ്ലവരക്തം തിരിച്ചറിയുമെന്നാണ് വിപ്ലവകാരികൾക്കിടയിലുള്ള ചൊല്ല്. അതുകൊണ്ടാണ് ഏകനായി ഒരു പാർട്ടിയുണ്ടാക്കി ഏ കെ ജി ഭവന് മുന്നിൽ വന്നു നിന്നപ്പോൾ കോവൂർജിയെ പിടിച്ച് മുന്നണിയിലെടുത്തതും, മൽസരിപ്പിച്ച് ജയിപ്പിച്ച് എം എൽ എ ആക്കി കളഞ്ഞതും..

ആ കുഞ്ഞുമോൻ ആണ് യു ഡി എഫിലേക്ക് പോകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. എന്ത് അസംബന്ധമാണെന്ന് നോക്കണേ, അപ്പോഴാണ് കുഞ്ഞുമോന്റെ പ്രതികരണം വരുന്നത്. പാർട്ടി പറയുന്നത് സ്വീകരിക്കും, പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കും എന്നൊക്കെ. ശരിക്കും  പാർട്ടിയെന്നാൽ ആരാണ് കുഞ്ഞുമോൻജി… കണ്ണാടിയിൽ നോക്കി പറയരുത്.

പാർട്ടി പറയുമോ ? ഒരിക്കലും പറയില്ലായിരിക്കാം. എന്നാൽ ഇനി മൽസരിക്കാൻ വരരുതെന്ന് പറയുന്ന ജനങ്ങളുണ്ട് നാട്ടിൽ.
പാർട്ടി പറഞ്ഞാൽ രാജിവയ്ക്കുമെന്നും, പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നും പറയുന്നവർ കേരളത്തിൽ ഏറെയാണ്. സത്യമായും ആരാണീ പാർട്ടിയെന്നാണ് ചോദ്യം. പാർട്ടികളൊന്നും ആരോടും പറയാത്ത ഒരു കാര്യമുണ്ട്, ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചതുകൊണ്ട് ആരും രക്ഷപ്പെടില്ല എന്ന സത്യം.
ജോസ് കെ മാണി പോലും പറയുന്നത് പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലായിൽ മൽസരിക്കേണ്ടത് പാർട്ടി തീരുമാനിക്കും എന്നൊക്കെ. ശരിക്കും ആരും അത്ഭുതപ്പെടും, ആരാണീ പാർട്ടിയെന്ന കാര്യത്തിൽ. പാലായിൽ ജോസ് കെ മാണി മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പാർട്ടി, കുഞ്ഞുമോൻ ഇനി മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പാർട്ടി, മലപ്പുറത്ത് ജോലി രാജിവച്ച കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും  തെരഞ്ഞടുപ്പിൽ മൽസരിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്ന പാർട്ടിയെ ഒക്കെയാണ് കേരളം സ്വപ്‌നം കാണുന്നത്. എന്നാൽ പാർട്ടിയെന്നത് ബിഗ് ബോസ് കളിയൊന്നുമല്ലല്ലോ. സുരേഷ് ഗോപിയുടെ കോടീശ്വരനിലെ ഗുരുജിയുമല്ലല്ലോ… എന്റെ പാർട്ടീ….

നടി അക്രമിക്കപ്പെട്ടിട്ട്  നാല് വർഷം തികയുമ്പോൾ

ലയാളികളെ ലോകത്താകമാനം നാണം കെടുത്തിയ സംഭവമായിരുന്നു ഒരു പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവം. നാല് വർഷം മുൻപ് ഇതേ ദിവസമാണ് ആ ഹീനമായ സംഭവം അരങ്ങേറിയത്. പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് അറിവുള്ളതാണ്

 
ഒരു പ്രമുഖ നടന്റെ ക്വട്ടേഷനിലാണ് അക്രമമെന്നായിരുന്നു പരാതി. കേസിൽ അറസ്റ്റിലായ പൾസർ സുനിയും നടൻ ദിലീപും അടക്കമുള്ള പ്രതികൾ അറസ്റ്റിലായി. ജയിലിൽ കിടന്നു. കുറ്റ പത്രം നൽകി. തടസവാദം ഉന്നയിച്ച് കേസ് നീണ്ടു പോവുകയാണ്. കോടതിയുടെ മുന്നിലിരിക്കുന്ന കേസായതിനാൽ അതിൽ കൂടുതലൊന്നും എഴുതാനും കഴിയില്ല.

എന്നാൽ ഒരു നടി ലൈംഗീകമായി അക്രമിക്കപ്പെട്ടിട്ട് നാല് വർഷം കഴിഞ്ഞിട്ടും കേസിൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. നടൻ ജയിലിൽ കിടന്നു, അദ്ദേഹത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ചവർ, ന്യായീകരിച്ചവർ അങ്ങിനെ പോവുന്നു ആ പട്ടിക. പക്ഷേ, എന്താണ് കേസിൽ സംഭവിക്കുന്നതെന്നറിയാൻ പൊതുജനത്തിന് താല്പര്യമുണ്ട്. 
 
കേസിൽ ഒട്ടേറെ വഴിത്തിരിവുണ്ടായി. സാക്ഷികൾ കൂറുമാറുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടായി. ജഡ്ജിയെ മാറ്റണമെന്നുള്ള ആവശ്യമുണ്ടായി. എന്നാൽ അതൊന്നും മേൽക്കോടതി അംഗീകരിച്ചില്ല. നാല് വർഷത്തോളമായി ജയിലിൽ കഴിയുന്നു പൾസറും സംഘവും. നടന് വേണ്ടി മൊഴി മാറ്റാൻ വലിയൊരു സംഘം എറണാകുളത്ത് നീക്കങ്ങൾ നടത്തി, പലരും മൗനികളായി.  കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് അറസ്റ്റു ചെയ്തു. എം എൽ എ യായ ഗണേഷ് കുമാറിന്റെ വീട്ടിൽ പൊലീസ് റെയിഡും നടന്നു. ഇതെല്ലാം നടി അക്രമിക്കപ്പെട്ട കേസിൽ ഗണേഷ് കുമാറിന്റെ പങ്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വെറുതെ പിളരുന്ന പാർട്ടികൾ

പിളർന്നു പിളർന്ന് ഇല്ലാതാവുന്ന കുറേയധികം പാർട്ടികൾ കേരളത്തിലുണ്ട്. ജനതാദൾ, കേരളാ കോൺഗ്രസ്, ജെ എസ് എസ്, സി എം പി, ബി ഡി ജെ എസ് എന്നീ പാർട്ടികളാണ് നിരന്തരമായി പിളർന്നുവളരാനുള്ള ഭാഗ്യം. കേരളാ കോൺഗ്രസ് മുദ്രാവാക്യം തന്നെ പിളരുംതോറും വളരും എന്നായിരുന്നു. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് പിളരുകയും ജോസ് കെ മാണി എൽ ഡി എഫിലെത്തി. കേരളാ കോൺഗ്രസിൽ നിന്നും നേരത്തെ പിളർന്നു പോയ ജനാധിപത്യ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് നേരത്തെതന്നെ എത്തിയിരുന്നു. 

 
കേരളാ കോൺഗ്രസ് ബി യിലാണ് കഴിഞ്ഞ ദിവസം പിളർപ്പുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെയുള്ള പിളർപ്പ് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് വല്യേട്ടനായ  സി പി എം.വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തെത്തിയപ്പോഴും വിജയം കൊയ്ത ഗണേഷിനോട് പ്രാദേശിക സി പി എമ്മിന് താല്പര്യം കുറഞ്ഞിരിക്കുന്നു. കേരളാ കോൺഗ്രസ് ബിയിൽ നിന്നും ഒരു വിഭാഗം പിന്നെയും വിടപറഞ്ഞിരിക്കുന്നു. ഇപ്പോൾ വളരെ ശോഷിച്ച ഒരു പാർട്ടിയായി കേരളാ കോൺഗ്രസ് മാറി. ബാലകൃഷ്ണ പിള്ളിയും, ബി. കെ ബി ഗണേഷ് കുമാറും വളരെ കുറച്ച് അണികളും മാത്രമാണ് ആ പാർട്ടിയിൽ ശേഷിച്ചിരിക്കുന്നത്.  
 
കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ വലിയൊരു മുന്നേറ്റമൊക്കെയായിരുന്നു പാർട്ടിയുടെ ലക്ഷ്യം. എന്നാൽ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കുള്ള ഗണേഷ് കുമാറിന്റെ യാത്രകൾ കേരളാ കോൺഗ്രസ് ബി എന്ന പാർട്ടിയെ തകർത്തു.  ബാലകൃഷ്ണ പിള്ള കുറേകാലമായി സജീവരാഷ്ട്രീയത്തിൽ ഇല്ല, അതോടെ  കേരളാ കോൺഗ്രസ് ബിയെന്ന പാർട്ടിക്ക് പ്രസക്തിയില്ലെന്നാണ് പാർട്ടിവിട്ട ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം.  എൻ എസ് എസുമായുള്ള ബന്ധത്തിലും വിള്ളൽ വീണതോടെ പത്തനാപുരം പാലം കടക്കൽ ഇത്തവണ ഗണേഷ് കുമാറിന് എളുപ്പമാവില്ല.

ദയാവധം കാത്തു കഴിയുകയാണ് ബി ഡി ജെ എസ് 

രു രാഷ്ട്രീയപാർട്ടിക്കും ഇത്തരമൊരു ദയനീയാവസ്ഥ ഉണ്ടാവരുതെന്നാണ് പ്രാർത്ഥന. അത്രയും മോശമാണ് ബി ഡി ജെ എസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥ. രണ്ട് പിളർപ്പും, കൊഴിഞ്ഞു പോക്കും ഒക്കെ കഴിഞ്ഞ്, ഇപ്പോൾ ശേഷിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയും ഒരു ചെറിയ സംഘവും മാത്രം. 

 
ഘടകകക്ഷിയെന്ന നിലയിൽ ബി ഡി ജെ എസിനെ എൻ ഡി എ കണ്ടഭാവം പോലും നടിക്കുന്നല്ലത്രെ. കേരളത്തിലെ ഈഴവ വോട്ടുകൾ ലക്ഷ്യമിട്ട്, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വെള്ളാപ്പള്ളി നടേശനാണ് ബി ഡി ജെ എസ് എന്ന രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയുടെ സ്ഥാപകൻ ആദ്യം പാർട്ടിയിൽ നിന്നും ഒഴിവായി. ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി മകനെ ഏൽപ്പിച്ചാണ് ആ മഹാത്യാഗത്തിന് വെള്ളാപ്പള്ളി  തയ്യാറായത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ
പിയുമായി സഖ്യമുണ്ടാക്കിയതോടെ ബി ഡി ജെ എസ് കേരളത്തിലെ മുഖ്യരാഷ്ട്രീയ ശക്തിയായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ സ്വപ്‌നം. മകൻ കേന്ദ്രമന്ത്രിയാവുന്നതൊക്കെ വെള്ളാപ്പള്ളി പലതവണ സ്വപ്‌നം കണ്ടു. പക്ഷേ, എന്തു ചെയ്യാൻ ബി ജെ പി അത്രയൊന്നും പെട്ടെന്ന് അപകടത്തിൽ പെടുന്ന പാർട്ടിയല്ലല്ലോ. അവർ തുഷാറിന് അർഹമായ പരിഗണന തന്നില്ലെന്ന പരാതിയുമായി പലതവണ അങ്ങ് ദില്ലിയിൽ പോയതല്ലാതെ മറ്റൊന്നും നടന്നില്ല. 
 
ബി ഡി ജെ എസ് ഇതിനിടയിൽ സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ പിളർന്നു. സ്‌പൈസസ് ബോർഡ് ചെയർമാനായിരുന്നു സുഭാഷ് വാസു. യഥാർത്ഥ ബി ഡി ജെ എസ് തന്റേതാണെന്ന് സുഭാഷ് വാസു പ്രഖ്യാപിച്ചുകളഞ്ഞു. ഇതോടെ ബി ജെ പി ക്കും സംശയമായി, ആരാണ് ഒറിജിനൽ, ആർക്കാണ് ശക്തിയെന്നൊക്കെ. പിന്നെ ബി ജെ പി ക്ക് കാര്യം മനസിലായി, ഇതിൽ രണ്ട് പേർക്കും ശക്തിയില്ലെന്ന്. 
 
തെരഞ്ഞെടുപ്പിന് ഇനി അധികമില്ല, എല്ലാവരും രാഷ്ട്രീയ ചർച്ചയിലാണ്. സീറ്റു പിടിക്കാനും, കൊടുക്കാനുമായുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, കേരള യാത്രയിൽ പോലും ബി ഡി ജെ എസ് ഇല്ല, സീറ്റു ചർച്ചയിലും ബി ഡി ജെ എസിനെ ഇതുവരെ വിളിച്ചിട്ടുപോലുമില്ല.

പി ജെ ജോസഫ് നല്ലവനായ രാഷ്ട്രീയക്കാരൻ

പി ജെ ജോസഫ് മഹാമനസ്‌കനായ രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചിരിക്കുന്നു. ഇത്തവണ കേരളാ കോൺഗ്രസിന് 13 സീറ്റുവേണമെന്ന ആവശ്യത്തിൽ അൽപ്പം വിട്ടുവീഴ്ച ചെയ്യാൻ ജോസഫ് സാർ തീരുമാനിച്ചിരിക്കുന്നു. 

 
കോട്ടയം ജില്ലയിൽ യു ഡി എഫിന്റെ വിജയമാണ് ലക്ഷ്യമെന്നും അതിനാൽ ചില സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുക്കാനാണ് മഹാമനസ്‌കനായ പി ജെ തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്തെ ചെണ്ടയുടെ മുഴക്കം കുറയുമെന്ന തിരിച്ചറിവ് പി ജെ സാറിന് ഉണ്ടായിരിക്കുന്നു എന്ന് അർത്ഥം. കോട്ടയത്ത് ജോസ് കെ മാണിയുമായി ഏറ്റുമുട്ടുന്നതിന് കോൺഗ്രസ് തന്നെയാണ് നല്ലതെന്നാണ് പി ജെയുടെ ഒടുവിലത്തെ തിരിച്ചറിയൽ. 
 
കോൺഗ്രസിന് വിഷമമുണ്ടാക്കുന്ന ഒന്നും കേരളാ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നാണ് പി ജെ സാറിന്റെ തീരുമാനം. പരസ്പരം കുറ്റപ്പെടുത്താതെ ഒറ്റക്കെട്ടായി നിന്ന് ജോസ് മോനെ പരാജയപ്പെടുത്തുകയാണ് കേരളാ കോൺഗ്രസിന്റെ ലക്ഷ്യമെന്ന പി ജെ ജോസഫിന്റെ  പ്രഖ്യാപനവും വന്നിരിക്കുന്നു. ചെണ്ടകൊട്ടി പ്രഖ്യാപിക്കേണ്ടതാണ് ഇതൊക്കെ.

പോണ്ടിച്ചേരിയിലും പണാധിപത്യം

മിഴ് നാട്ടിൽ ആധിപത്യം സ്ഥാപിക്കണമെന്നായിരുന്നു ബി ജെ പിയുടെ ആഗ്രഹം. അതിനാണ് സ്റ്റൈൽ മന്നൻ രജനീകാന്തിനെ രംഗത്തിറക്കിയതും, പാർട്ടി രൂപീകരിപ്പിച്ചതും. രജനിയിലൂടെ തമിഴകം കീഴടക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു. ഇപ്പോഴിതാ പോണ്ടിച്ചേരി ബി ജെ പി പിടിക്കുകയാണ്. നാല് കോൺഗ്രസ് എം എൽ എമാർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ് സർക്കാർ. പോണ്ടിച്ചേരിയിൽ സ്ഥിതിഗതികൾ സുഗമമാക്കാനായി ഗവർണറായിരുന്ന കിരൺബേദിയെയും മാറ്റിയിട്ടുണ്ട്.


അയൽ
സംസ്ഥാനമായ തമിഴ് നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. രാഹുൽ ഗാന്ധി സീറ്റു ചർച്ചകൾക്കായി പോണ്ടിച്ചേരിയിൽ എത്താനിരിക്കെയാണ് കോൺഗ്രസിന്റെ നാല് എം എൽ എ മാർ ബി ജെ പിയിലേക്ക് ചേക്കേറിയത്.

ഉന്നാവ് എന്ന പേര് അത്ര ശുഭകരമല്ല

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെതുടർന്നാണ് ഉന്നാവ് എന്ന സ്ഥലനാമം ലോകം അറിയുന്നത്. ഏറ പ്രതിഷേധങ്ങൾ ആളിക്കത്തിച്ച സംഭവമായിരുന്നു അത്.

എന്നാലിതാ ഉന്നാവിൽ നിന്നും രണ്ട് പെൺകുട്ടികളുടെ ദുരൂഹമരണത്തിന്റെ വാർത്തകൾ വന്നിരിക്കുന്നു. പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് തുടർച്ചയായി മാറുന്നുവെന്നാണ് വാർത്തകൾ. വനത്തിനോട് അനുബന്ധിച്ചുള്ള കൃഷി സ്ഥലത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയത്. അതിൽ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി അവശ നിലയിലാണ്.

സമരം തീർക്കാൻ ഇടനിലക്കാരായി ഡി വൈ എഫ് ഐ

പി
എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി പിൻവാതിൽ നിയമനം നടത്തുന്നതാണ് കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കിടയിലെ ചർച്ച. പിൻവാതിൽ നിയമനം തകൃതിയായി നടത്തുകയും പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ തയ്യാറാവാത്തതിനെ തുടർന്ന് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തലസ്ഥാനത്ത് തുടരുകയാണ്. ഇതിനിടയിലാണ് ഡി വൈ എഫ് ഐ നേതാക്കൾ സമരക്കാരുമായി ചർച്ച നടത്തിയത്. 

 
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല എന്നായിരുന്നു ഡി വൈ എഫ് ഐയുടെ മുദ്രാവാക്യം. സി പി എം ഭരിക്കുമ്പോൾ ചർച്ചകളിലൂടെയും പ്രതിപക്ഷത്തിരിക്കുമ്പോൾ പോരാട്ടത്തിലൂടെയും എന്നാണല്ലോ ഡി വൈ എഫ് ഐയുടെ രീതി.

ഡി വൈ എഫ് ഐ ഇടനിലക്കാരന്റെ റോളിലല്ല ഇടപെടേണ്ടതെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.
സമരവുമായി പി എസ് സി റാങ്ക് ഹോൾഡേസ് മുന്നോട്ട് പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ റാങ്ക് ലിസ്റ്റിന്റെ കലാവധി അവസാനിക്കും. ആ ലിസ്റ്റിലുള്ളവർക്ക് ജോലിയും ലഭിക്കില്ല.

പരസ്യപ്രളയം, ഉദ്ഘാടന മാമാങ്കം

കേരളത്തിലെ പത്രങ്ങൾക്കിത് കൊയ്ത്തുകാലമാണ്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് പത്രങ്ങൾക്ക് ലഭിക്കുന്നത്. കോവിഡ് കാലത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടായ പത്രങ്ങൾ സർക്കാർ പരസ്യ ചാകരയിൽ ആഹ്ലാദത്തിലാണ്. കേരളത്തിൽ ഒരു ദിവസം കുറഞ്ഞത് പത്തിലേറെ സർക്കാർ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടി നടന്നുള്ള ഉദ്ഘാടനമൊന്നുമല്ല, എല്ലാ ഉദ്ഘാടനവും ഓൺലൈനായാണ്.

 
 കോവിഡ് ബാധയെതുടർന്നുള്ള വലിയ മാറ്റമാണ് ഉദ്ഘാനം ഓൺലൈനിൽ എന്നത്. മുഖ്യമന്ത്രി തന്റെ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോയിലിരുന്നത് ദിവസവും ഒട്ടേറെ പദ്ധതികൾ ഉദ്ഘാനം നിർവ്വഹിക്കുന്നു. ഉദ്ഘാടന വിവരം ആളുകളെ അറിയിക്കാനായി പത്ര മാധ്യമങ്ങളിൽ പരസ്യം. ഇതോടെ പത്രങ്ങളും സർക്കാരിനെ വിമർശിക്കുന്നത് നിർത്തിയിരിക്കയാണ്. 
 
മുഖ്യധാരാ പത്രങ്ങൾ ഉൾപ്പെടെ എല്ലാ പത്രങ്ങൾക്കും ലക്ഷങ്ങളുടെ പരസ്യമാണ് ദിവവസും നൽകുന്നത്. കോടികൾ കടമെടുത്ത് കടക്കെണിയിലായ സംസ്ഥാനത്ത് പരസ്യത്തിനായി കോടികൾ ചിലവഴിച്ച് പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. പൂർത്തിയായതും നിർമ്മാണം പകുതിയായതും ഒക്കെ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് എല്ലാം ഉദ്ഘാടിക്കണമല്ലോ….ആഹ്ലാദിപ്പിൻ മാധ്യമ സുഹൃത്തുക്കളെ…

LEAVE A REPLY

Please enter your comment!
Please enter your name here