രാജേഷ് തില്ലങ്കേരി

കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യതൊഴിലാളികളെ ഇടതുപക്ഷത്തിനെതിരാക്കാനുള്ള നീക്കം നടക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ആഴക്കടലിൽ മുങ്ങിപ്പോകുമായിരുന്ന കരാർ പുറത്തു വന്നപ്പോൾ തന്നെ കരാറോ, എന്താണതെന്ന് ചോദിച്ച പിണറായി പിന്നീട് അഭിപ്രായം മാറ്റുകയായിരുന്നു. ഇല്ലാത്ത കരാറുകൾ ഒന്നൊന്നായി റദ്ദാക്കുന്ന തിരക്കിലായിരുന്നു സഖാവ്. എല്ലാം ഒരു ഐ എ എസുകാരന്റെ ചെയ്തികളാണെന്നാണ് മുഖ്യൻ പറയുന്നത്.


മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഗാന്ധി കടലിൽ ചാടുകയാണ്. നല്ല കടൽ കണ്ടാൽ ടൂറിസ്റ്റുകൾ ചാടും നീന്തും, കുത്തിത്തിരുപ്പൊന്നും ഇവിടെ നടപ്പില്ലെന്നാണ് പിണറായിയുടെ പ്രതികരണം. ഇതേ സമയത്ത് പശ്ചിമ ബംഗാളിൽ മമതെയെയും ബി ജെ പിയെയും പരാജയപ്പെടുത്താനുള്ള ഒരുക്കത്തിലാണ്  കോൺഗ്രസും സി പി എമ്മും. ഏത് കടലിലും ചാടുന്ന രാഹുൽ പക്ഷേ, റാലിയിൽ പങ്കെടുത്തില്ല.  സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കോൺഗ്രസ് നേതാക്കളും  ഒരുമിച്ചിരിക്കുകയാണ്  അവിടെ. ബംഗാളിലെ ഏതോ കടലിൽ ചാടിയൊളിച്ചിരിക്കയാണ് രാഹുൽ.

അവിടെ കല്യാണം, ഇവിടെ പാലുകാച്ച് എന്നു പറഞ്ഞതുപോലെ, ബംഗാളിൽ കോൺഗ്രസും സി പി എമ്മും ഭായി ഭായിയായി നിൽക്കുമ്പോഴാണ്  രാഹുൽ ഗാന്ധിയെ ടൂറിസ്റ്റായി പിണറായി ആരോപിക്കുന്നത്.

ഇ എം സി സി ഉഡായിപ്പ് കമ്പനിയാണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളാണെന്നാണ് പിണറായി വിജയനും പറയുന്നത്. ഇത്രയും വലിയൊരു കരാർ ഒരു ഐ എ എസുകാരൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റുമോ എന്നാണ് ബാക്കിയാവുന്ന ചോദ്യം. പാവം കേരളത്തിന്റെ സ്വന്തം പടയാളികൾ… അവരിപ്പോൾ ആരെ വിശ്വസിക്കും. കടലിൽ ചാടിയ രാഹുലിന്റെ പാർട്ടിക്കാരെ വിശ്വസിക്കണോ, അതോ കരാർ ഉണ്ടാക്കി വിവാദത്തിൽ പെട്ടപ്പോൾ എല്ലാം റദ്ദാക്കിയ പിണറായി വിജയന്റെ പാർട്ടിയെ വിശ്വസിക്കണോ.

തിരുവമ്പാടിയിൽ സി പി ജോൺ, താമരശ്ശേരി ബിഷപ്പു ഹൗസിൽ യു ഡി എഫ് നേതാക്കൾ…

കെ വി തോമസ് തന്നെ  വർക്കിംഗ് പ്രസിഡന്റാക്കമെന്ന് ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഇപ്പോഴെങ്കിലും കോൺഗ്രസ് തിരിച്ചറിയണം. താമരശ്ശേരി ബിഷപ്പിനെ കണ്ട് സഹായം അഭ്യർത്ഥിക്കാൻ തോമസ് മാഷ് പുലർച്ചെ താമരശേരിയിൽ എത്തി. ബിഷപ്പിനെ കണ്ടു, സ്ഥാനാർത്ഥി നിർണയത്തിലൊന്നും ഇടപെടില്ലെന്നും, ക്രിസ്ത്യാനിയായാൽ മുന്നണിക്ക് ഗുണമുണ്ടാവുമെന്നും ബിഷപ്പ് തോമസ് മാഷിന് മുന്നിൽ വച്ചു.  



താമരശ്ശേരി ബിഷപ്പിനെ കണ്ട് പിന്തുണ തേടാനായി പിന്നാലെ മുസ്ലിം ലീഗിന്റെ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും താമരശ്ശേരി ബിഷപ്പിനെ കാണാനായി എത്തി. ക്രിസ്റ്റ്യൻ ഭൂരിപക്ഷ പ്രദേശമായ തിരുവമ്പാടിയിൽ മുസ്ലിംലീഗ് മത്സരിക്കുന്നതിലുള്ള എതിർപ്പ് നേരിട്ടറിയാനാണ് തോമസ് മാഷ് എത്തിയതത്രെ… വർക്കിംഗ് പ്രസിഡന്റ് വർക്ക് തുടങ്ങിയെന്ന് അർത്ഥം.

സി എം പി നേതാവായ സി പി ജോണിന് ഇത്തവണ വിജയസാധ്യതയുള്ള സീറ്റ് നൽകാൻ യു ഡി എഫിൽ ധാരണയുണ്ടായിരുന്നു.


എൻ സി പിയിലെ യുവ തുർക്കികൾ ഇടഞ്ഞു തന്നെ; ശശീന്ദ്രൻ കട്ടയും പടവും മടക്കേണ്ടിവരും  

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം ഒരു സീറ്റ്, എന്നാണ് ചെറുകക്ഷികളുടെയെല്ലാം ആഗ്രഹം. പാർട്ടി ചെറുതായിട്ടും നാല് സീറ്റിൽ മൽസരിച്ചു. ആദ്യം രണ്ട് സീറ്റ്. ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റുകൂടി കിട്ടിയപ്പോൾ മൂന്ന് എം എൽ എമാർ. എൻ സി പി യിൽ ഒന്നിലേറെ എം എൽ എ മാരുണ്ടായാൽ വരുന്ന ബുദ്ധിമുട്ടുകൾ നന്നായി അറിയാവുന്നയാളാണ് എ കെ ശശീന്ദ്രൻ. അതിനാലാണ് മാണി സി കാപ്പനെ പാർട്ടിയിൽ നിന്നും ചാടിച്ചത്. എലത്തൂർ സീറ്റ് സുരക്ഷിതമാണല്ലോ. 

 
എന്നാൽ എലത്തൂർ സീറ്റിൽ ശശീന്ദ്രനെ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ യുവജനവിഭാഗം രംഗത്തെത്തിയിരിക്കയാണ്. ഇതോടെ ശശീന്ദ്രന്റെ നിലയും പരുങ്ങലിലാണ്. പീതാംബരൻ മാസ്റ്ററും സംഘവും എൻ സി പിയിലാണെങ്കിലും കാപ്പനോട് ആഭിമുഖ്യമുള്ളവരാണ്. സംസ്ഥാന നേതൃത്വം ശശീന്ദ്രൻ മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഇടതുമുന്നണിക്ക് കത്തുനൽകിയാൽ ശശീന്ദ്രൻ കട്ടയും പടവും മടക്കേണ്ടിവരും.

ഷിബുവിനെ ചവറയിൽ സ്ഥാനാർത്ഥിയാക്കി പ്രചാരണവും തുടങ്ങി

ചവറയിൽ തുടങ്ങി ചവറയിൽ അവസാനിക്കുന്നതാണ് ആർ എസ് പിയുടെ കേരളത്തിലെ ശക്തി. അതുകൊണ്ടുതന്നെ ചവറയിൽ ആരാണ് സ്ഥാനാർത്ഥിയെന്നൊന്നും തീരുമാനമായിട്ടില്ലെങ്കിലും


ഷിബു ബേബിജോണിന് വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ പതിച്ചുകഴിഞ്ഞു. അപ്പോ മുന്നണിയുടെ പ്രഖ്യാപനമൊക്കെ വരണ്ടേയെന്ന് ചോദിച്ചാൽ അത് ചവറയല്ലേ, എന്നാണ്. ഷിബു സ്ഥാനാർത്ഥിയാവും, മുന്നണി മാറിയിട്ടില്ല, ചിഹ്നം മാറിയിട്ടില്ല, പോസ്റ്ററാണെങ്കിൽ കഴിഞ്ഞ തവണ പ്രിന്റുചെയ്തു വച്ചത് ധാരാളം കിടക്കുന്നുണ്ട്, പിന്നെ രണ്ടു ദിവസം മുന്നേ ആ പോസ്റ്റർ പതിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നാണ്.  ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഷിബു ബേബിജോണിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനകാലമായതിനാൽ ഉപതെരെഞ്ഞെടുപ്പ് നടന്നില്ലല്ലോ , ആ പോസ്റ്ററാണ് ഇപ്പോൾ പതിച്ചതെന്നും, അതൊന്നും എന്റെ അറിവിലല്ല എന്നാണ് ഷിബുവിന്റെ പ്രതികരണം. ബോൾഷവിക്  വിപ്ലവം ജയിക്കട്ടെ.


വി ഐ പി മണ്ഡലത്തിൽ പിണറായിക്കെതിരെ മമ്പറം ദിവാകരനില്ല….

കേരളത്തിലെ വി ഐ പി മണ്ഡലമാണ് കണ്ണൂരിലെ ധർമ്മടം. മുഖ്യമന്ത്രി പിണറായി വിജയനാണ് ധർമ്മടത്തെ സ്ഥാനാർത്ഥി.  അതുകൊണ്ടുതന്നെ പിണറായിയെ നേരിടാൻ യു ഡി എഫിൽ നിന്നും ആരെത്തും എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ആരാണ് സ്ഥാനാർത്ഥിയാവുകയെന്ന ചോദ്യത്തിന് മമ്പറം ദിവാകരൻ പറയുന്നു, ഞാനിപ്പണി നിർത്തിയെന്ന്.  

മമ്പറം ദിവാകരൻ ആയിരുന്നു കഴിഞ്ഞ തവണ കോൺഗ്രസിന്റെ  സ്ഥാനാർത്ഥി.
അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് മമ്പറം ദിവാകരൻ.
 ധർമ്മടം സി പി എമ്മിന്റെ ശക്തി ദുർഗമാണ്. സി പി എമ്മിന്റെ ഏറ്റവും സുരക്ഷിതമണ്ഡലമായതിനാൽ എതിരാളികൾക്ക് ധർമ്മടത്തോട് വലിയ മമതയില്ല.

പത്ത് വർഷം മുൻപാണ് എടക്കാട് മണ്ഡലം ഇല്ലാതായി ധർമ്മടം മണ്ഡലം നിലവിൽ വന്നത്. സി പി എമ്മിലെ കെ നാരായണനാണ് ആദ്യമായി ധർമ്മടത്തു നിന്നും വിജയിച്ചത്. അന്നും മമ്പറം ദിവാകരനായിരുന്നു എതിരാളി. 2016 ൽ പിണറായി വിജയൻ മൽസരിക്കാൻ എത്തിയപ്പോഴും എതിരാളി മാറിയില്ല. എന്നാൽ തോൽക്കാനായി ജനിച്ചവനാകാൻ താനില്ല എന്നാണ് ദിവാകരന്റെ പ്രതികരണം.  മുഖ്യമന്ത്രിയാണ് എതിരാളിയെന്നതിനാൽ ഭയന്ന് പിൻമാറാൻ തയ്യാറല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.  മത്സരിക്കുന്നതിന് അവസരം തന്നാൽ താൻ തയ്യാറാണെന്നാണ് ഡി സി സി സെക്രട്ടറിയായ രഘുനാഥ് പറയുന്നത്. എന്തായാലും മുഖ്യമന്ത്രിയോട് പോരാടാൻ അവസരം ആർക്കാണെന്ന് ഉടനറിയാം.

അച്ചുതൻ മാതൃക; ഇത് പലർക്കും തുടരാവുന്നതാണ്

തോറ്റാലും ജയിച്ചാലും തെരഞ്ഞെടുപ്പിൽ മൽസരിക്കുക, എങ്ങിനെയെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുക്കുക, ഇതാണ് എല്ലാ നേതാക്കളുടെയും ആഗ്രഹം. എന്നാൽ പ്രായമായവർ മാറി നിൽക്കണമെന്നാണ് പാലക്കാട് ചിറ്റൂരിലെ കോൺഗ്രസ് നേതാവായ കെ അച്ചുതൻ പറയുന്നത്.

ചിറ്റൂരിൽ ഇനി മൽസരിക്കാൻ ഞാനില്ലെന്ന് കെ അച്ചുതൻ പരസ്യമായി പ്രഖ്യാപനം നടത്തിയിരിക്കയാണ്. ചെറുപ്പക്കാർക്ക് അവസരം കൊടുക്കണം,. മകന് വേണ്ടി ഞാൻ സീറ്റ് ആവശ്യപ്പെടില്ലെന്നും ചിറ്റൂരിന്റെ മുൻ എം എൽ എയായ അച്ചുതൻ. 2016 ൽ മന്ത്രിയും ജനതാദൾ നേതാവുമായ കെ കൃഷ്ണൻ കുട്ടിയോടാണ് അച്ചുതൻ പരാജയപ്പെട്ടത്.  തെരഞ്ഞെടുപ്പിൽ തോറ്റതോടെ മൽസരിക്കുന്നത് നിർത്തുകയാണെന്ന് തീരുമാനിച്ചിരുന്നുവെന്നും അച്ചുതൻ.  

വിജയരാഘവീയം  ഏറ്റില്ലെന്ന്; ഇതിലും നല്ലത് കോടിയേരി തന്നെ...

വിജയരാഘവന് എന്തോ തെരഞ്ഞെടുപ്പ് കാലം കഷ്ടകാലമാണെന്നാണ് എല്ലാവരും പറയുന്നത്. നല്ല ലക്ഷ്യത്തിലാണ് എല്ലാ പ്രസ്താവനയും പക്ഷേ, ചക്കിന് വച്ചാൽ കൊക്കിന് കൊള്ളുന്ന അവസ്ഥയാണ് അദ്ദേഹത്തിന്. കഴിഞ്ഞ പാർലമെന്റ് കാലത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ രമ്യാഹരിദാസിനെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചു. രമ്യയെ വലിയ വിജയത്തിലേക്ക് നയിച്ചതും വിജയരാഘവന്റെ വിവാദ പരാമർശമായിരുന്നല്ലോ.


എൽ ഡി എഫ് കൺവീനറായിരുന്നു അക്കാലത്ത് വിജയരാഘവൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വിജയരാഘവന് പാർട്ടി അധികജോലി കൂടി നൽകിയിരുന്നു. കോടിയേരി വിവാദങ്ങളിൽ അകപ്പെടുകയും മകൻ ജയിലിലാവുകയും ചെയ്തതോടെയാണ്  വിജയരാഘവൻ ആക്ടിംഗ് സെക്രട്ടറിയായത്. ആക്ടിംഗ് സെക്രട്ടറി എന്നാൽ ആക്ട് ചെയ്യുന്ന സെക്രട്ടറിയാണല്ലോ. വിജയരാഘവന്റെ ആക്ടിംഗ് കുറച്ചുകൂടിയോ എന്നാണ് ഇപ്പോൾ സി പി എമ്മിൽ തന്നെ ഉയരുന്ന ചോദ്യം. ഇതിനേക്കാൾ നല്ലത് കോടിയേരിതന്നെയായിരുന്നുവെന്നും, മക്കൾ വിവാദമൊക്കെ ഏതെങ്കിലുമൊരു  വഴിയിൽ അവസാനിച്ചുകൊള്ളുമെന്നാണ് പാർട്ടിയിൽ ഉയരുന്ന വാദം.
ചിലപ്പോൾ തെരഞ്ഞെടുപ്പിന് മുൻപുതന്നെ വിജയരാഘവന്റെ ആക്ടിംഗിന് തിരശീലവീണേക്കും.
ഇടതുമുന്നണിയുടെ ഒരു ജാഥയുടെ ക്യാപ്റ്റൻ വിജയരാഘവനായിരുന്നു. എന്നാൽ ക്യാപ്റ്റന്റെ സ്വീകാര്യതയ്ക്ക് മങ്ങലേറ്റതാണോ, അതോ ആ സമയങ്ങളിലുണ്ടായ വിവാദങ്ങളാണോ, എന്തോ ആയിരിക്കാം, ജാഥയ്ക്ക് വേണ്ടത്ര സ്വീകാര്യതയുണ്ടായില്ലെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. മുസ്ലിം വിരുദ്ധ പരാമർശം, പണിയാവുമോ എന്ന സന്ദേഹം നേതാക്കളിലുണ്ട്. അതിനാൽ വിജയരാഘവൻ, എൽ ഡി എഫ് കൺവീനറായി തുടരുകയും , സെക്രട്ടറി സ്ഥാനം കോടിയേരി തന്നെ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ഉയർന്നിരിക്കുന്നതത്രെ.


എൻ ഡി എ യിലേക്ക് മുസ്ലിം ലീഗോ…., നടക്കില്ല ശോഭാജി…നടക്കില്ല,

ബി ജെ പി യിലെ ചില നേതാക്കൾ  ഞെട്ടലിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ലപോലും. മുസ്ലിം ലീഗിനെ എൻ ഡി എ യിലേക്ക് ക്ഷണിച്ചുള്ള ശോഭാ സുരേന്ദ്രന്റെ പ്രസ്താവന സത്യമോ എന്നാണത്രെ ദേശീയ നേതാക്കളുടെ അന്വേഷണം.
ശോഭാ സുരേന്ദ്രനെ ഒതുക്കാൻ  എന്തെങ്കിലും കാരണം വീണുകിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചുകഴിയുകയായിരുന്നു ഇവിടെ രണ്ടുപേർ. എന്നാൽ വഴിയൊന്നും തുറന്നു കിട്ടാത്തതിൽ കുണ്ഠിതപ്പെട്ടിരിക്കുകയായിരുന്ന നേരത്താണ് ഒരു വെളിപാടുപോലെ ശോഭാജിയുടെ പ്രസ്താവന വരുന്നത്.


ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിലുള്ള ശോഭയുടെ ഇരിപ്പുവശം അത്രയും മോശമായിരിക്കുകയായിരുന്നു.  ശോഭാ സുരേന്ദ്രനിൽ സുരേന്ദ്രനുണ്ടെന്ന് കരുതെ കെ സുരേന്ദ്രനെ അംഗീകരിക്കാൻ ശോഭയ്ക്കാവില്ലല്ലോ. ദേശീയ നേതാവാകാൻ പുറപ്പെട്ട് ശോഭാജിയെ കേരളത്തിൽ തളച്ചിടാനും ഉപാധ്യക്ഷ പദവികൊടുത്ത് മൂലയ്ക്കിരുത്താനുമായിരുന്നു ശ്രമം.  കെ സുരേന്ദ്രനെതിരെ ശോഭാജി ഇനി ആരോടും പരാതി പറയാൻ ബാക്കിയില്ലത്രെ. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണാൻ തൃശ്ശൂരിലെത്തിയ ശോഭ സംസ്ഥാന അധ്യക്ഷന്റെ ശോഭയില്ലായ്മയെകുറിച്ചാണത്രെ കൂടുതലും പരാതി ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും, പേരിനുമാത്രമാണ് ഞാൻ ദേശീയ അധ്യക്ഷനെന്നും പാവം നദ്ദ പറഞ്ഞിരുന്നോ എന്തോ, ശോഭാജി നേരെ അങ്ങ് ദില്ലിയിലേക്ക് പറന്നു. പ്രധാനമന്ത്രിയെയും കണ്ടു, കാര്യങ്ങൾ ബോധിപ്പിച്ചു. ഇലക്ഷൻ പ്രചാരണങ്ങളിൽ സജീവമാവാനും, കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു. ശോഭാജി നേരെ കേരളത്തിലെത്തി.
സംസ്ഥാനത്ത് എങ്ങിനെ കൂടുതൽ സീറ്റ് നേടാമെന്നായി ശോഭാജിയുടെ ആലോചനകൾ, ആ ചിന്തകളാണ് ശോഭാജിയുടെ മനസിലേക്ക് ചെറുതും വലുതുമായ നിരവധി പാർട്ടികൾ കടന്നുവന്നത്. പിന്നെ താമസമുണ്ടായില്ല, മുസ്ലിംലീഗിനെവരെ എൻ ഡി എ ഘടകകക്ഷിയാക്കുമെന്ന് ശോഭാജി ഒറ്റയടി അടിച്ചു.  ശരിക്കും ലീഗുപോലും ഞട്ടി, ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും, വി മുരളീധരനും ശരിക്കും ഞെട്ടി. ശോഭാ സുരേന്ദ്രനെ ഒതുക്കാൻ ഇത്ര പെട്ടെന്ന് മറുമരുന്ന് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മുസ്ലിം ലീഗ് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്നും, അവരുമായി ഒരുകാലത്തും സംഖ്യമുണ്ടാവില്ലെന്നുള്ള പ്രസ്താവനയുമായി  വി മുരളീധരൻ രംഗത്തെത്തി.  കെ സുരേന്ദ്രൻ നേരത്തെ നേരത്തെ തന്നെ ശോഭയുടെ ലീഗ് പ്രേമത്തെ തള്ളിയിരുന്നു.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാൽ ശോഭാജിയുടെ കഷ്ടകാലം. തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിൽ ശോഭാ സുരേന്ദ്രനെ വെട്ടി സംസ്ഥാന അധ്യക്ഷയാവും.

പരാതികളില്ല, വിദ്വേഷമില്ല…. ഇത് കുഞ്ഞൂഞ്ഞിന്റെ പരാതിരഹിത ലോകം

ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് പി സി ജോർജ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നു തൊട്ട്, മുഖം മൂടി ധരിച്ച രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടിയെന്നുപോലും പി സി പറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. എന്നാൽ പി സിയോട് തനിക്ക് ഒരു വിരോധവുമില്ലെന്നാണ് സമാധാന പ്രീയനായ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. തന്നെ എന്തും പറയാനുള്ള അവകാശം പി സി ജോർജ്ജിനുണ്ടെന്നും ‘കുഞ്ഞൂഞ്ഞിയൻ’ സ്‌റ്റൈലിൽ പറഞ്ഞുകളഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലെറിയുകയും, കല്ലേറിൽ മുഖത്ത് പരുക്കേൽക്കുകയും ചെയ്ത സന്ദർഭത്തിലും, തനിക്ക് ആരോടും വിരോധമില്ലെന്ന നിലപാടാണ് എടുത്തിരുന്നത്.
എല്ലാവരോടും എളിമയും സ്‌നേഹവും പ്രകടിപ്പിക്കുന്ന, ഒരു മുഖത്ത് അടിച്ചാൽ അപ്പുറവും കാണിച്ചു കൊടുക്കുന്ന തനി ഗാന്ധിയനായ ഉമ്മൻ ചാണ്ടിയെക്കുറിച്ചാണ് പി സി ജോർജ്ജ് പറയുന്നത് ചതിയനാണ്, വഞ്ചകനാണ് എന്നൊക്കെ. പകയാണ് ഉമ്മൻ ചാണ്ടി കാണിക്കുന്നതെന്ന് പി സി എന്നല്ല, ചെന്നിത്തല പറഞ്ഞാൽ പോലും മാലോകർ അതൊന്നും വിശ്വസിക്കില്ല….കർത്താവാണേ വിശ്വസിക്കില്ല.

വാൽക്കഷണം :

എന്തിനേറെ, തന്നെ കേസിൽ കുരുക്കുകയും, നാറ്റിച്ച് നാണംകെടുത്തി, മുഖ്യമന്ത്രി കസേരയിൽ നിന്നും കെട്ടുകെട്ടിച്ചതിനു പിന്നിൽ പ്രവർത്തിച്ച  സോളാർ നായികയോടും ഉമ്മൻ ചാണ്ടിക്ക് വിരോധമുണ്ടാവാൻ സാധ്യതയില്ല. സമാധാനമാണ് കുഞ്ഞൂഞ്ഞിന്റെ വഴി.  സമാധാനത്തിനുള്ള എന്തെങ്കിലും പുരസ്‌കാരം നൽകി ഉമ്മൻ ചാണ്ടിയെ ആദരിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here