ന്യൂ ഡൽഹി: രാജി പിൻവലിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ സമയപരിധി തള്ളി നവ്‌ജോത് സിംഗ് സിദ്ദു രാജിയിൽ ഉറച്ചു നില്ക്കുന്നു എന്ന് സിദ്ദു വ്യക്തമാക്കി. സംസ്ഥാന ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്നും നവ്‌ജോത് സിംഗ് സിദ്ദു ആവശ്യപ്പെടുന്നു. അർദ്ധരാത്രിക്കു മുമ്പ് രാജി പിൻവലിക്കണമെന്നായിരുന്നു ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നത്.

പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുന്നിൽ നിർത്തി മുന്നോട്ട്  പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയത്. ഏറെ താമസിയാതെ പഞ്ചാബ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു.

അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻറ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇതിനിടെയാണ് രാജി പിൻവലിക്കാൻ സിദ്ദുവിന് സമയ പരിധി നൽകിയത്.

ഇതിനിടെ പഞ്ചാബ് അടക്കം വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച വിമത വിഭാഗത്തിനെതിരെ രാഹുൽ ഗാന്ധിക്കൊപ്പമുള്ള നേതാക്കൾ രംഗത്തെത്തി. കപിൽ സിബലിൻറെ പ്രസ്താവന പാർട്ടിവിരുദ്ധമെന്ന് അജയ് മാക്കൻ പറഞ്ഞു. ഗാന്ധി കുടുംബമാണ് സിബലിന് പല സ്ഥാനങ്ങളും നല്കിയതെന്ന് അജയ്മാക്കൻ ഓർമിപ്പിച്ചു. വിമതരെ ‘സ്യൂട്ട് ബൂട്ട്’ സംഘമെന്ന് വിശേഷിപ്പിച്ചാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ രം?ഗത്തെത്തിയത്.

പാർട്ടിയിൽ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും ആയിരുന്നു കഴിഞ്ഞ ദിവസം കബിൽ സിബൽ പറഞ്ഞത്. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. ഇത് ഐഎസ്ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയർച്ചയും ഞങ്ങൾക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോൺഗ്രസ് ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here