ചണ്ഢീഗഡ്: പാക് വനിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി പഞ്ചാബ് സർക്കാർ. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ വ്യക്തമാക്കി. എല്ലാവിധ ആരോപണങ്ങളും അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദേശം നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് ചാര സംഘടനയായ ഐ എസ് ഐയുമായുള്ള അറൂസയുടെ ബന്ധം അന്വേഷിക്കും. ഐഎസ്‌ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ പറഞ്ഞിരുന്നതായും ഈ സംഭവം ഗൗരവമായി കണ്ടാണ് അന്വേഷണം നടത്തുന്നതെന്ന് രൺധാവ പറഞ്ഞു. ‘പാക് ഡ്രോണുകളെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ നാല് അഞ്ച് വർഷമായി ക്യാപ്റ്റർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ബിഎസ്എഫിനെ വിന്യസിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തേണ്ട കാര്യമാണിത്’ – എന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ഐ എസ് ഐ ഭീഷണിയുണ്ടെന്ന് അമരീന്ദർ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ആരോപണം അന്വേഷിക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി പറഞ്ഞു. അതിനിടെ അറൂസ ആലവുമയുള്ള സൗഹൃദം അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് അമരീന്ദർ രംഗത്തുവന്നു. ‘സംസ്ഥാനത്തെ നിയമവ്യവസ്ഥ പാരിപാലിക്കുന്നതിന് പകരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 16 വർഷമായി എല്ലാ നടപടികളും പാലിച്ച് അറൂസ ഇന്ത്യയിൽ എത്തുന്നുണ്ട്. ഇത് സർക്കാർ അനുവാദത്തോടെയാണ്. തന്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ഒരിക്കൽ പോലും സുഖ്ജീന്ദർ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ല. കേന്ദ്രം ഭരിച്ച എൻ ഡി എ – യു പി എ സർക്കാരുകൾ അനധികൃതമായിട്ടാണോ അറൂസയ്ക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദം നൽകിയത്. നിലവിലെ അന്വേഷണം അത്തരമൊരു സൂചനയാണ് നൽകുന്നത്’ – എന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here