മനാമ : അടിയന്തിര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ ടെസ്റ്റില്ലാതെ നാട്ടിലേക്ക്‌ യാത്ര അനുവദിച്ചുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനി മുതല്‍ എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.

ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങള്‍ക്കോ അടിയന്തിരമായി പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നെനെ പിന്‍വലിച്ചത്. എമര്‍ജന്‍സി  വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കി ഇനി റജിസ്റ്റര്‍ ചെയ്യാനാകില്ല. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം.

നിലവില്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റീവ് റിസള്‍ട്ട് അപ്പ്‌ലോഡ് ചെയ്‌താണ് പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നത്. യുഎഇ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിയന്തിരമായി നാട്ടില്‍ പോകുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

പല രാജ്യങ്ങളിലും പിസിആര്‍ പരിശോധനക്ക് പല സമയമാണ് എടുക്കുന്നത്. ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും ഷാര്‍ജ വിമാനത്താവളത്തിലും മൂന്ന് മണിക്കൂറിനകം പിസിആര്‍ പരിശോധനാ ഫലം കിട്ടുമെങ്കില്‍ ജിസിസിയിലെ മറ്റ് രാജ്യങ്ങളില്‍ സാധരണ ഗതിയില്‍ എട്ട് മുതല്‍ 12 മണിക്കൂര്‍ വരെയെങ്കിലും എടുക്കും.

ഗള്‍ഫില്‍ പല രാജ്യങ്ങളും മാസ്‌കും സാമൂഹ്യ അകലവും അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രവാസികളില്‍ തന്നെ വലിയൊരു ഭാഗം ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചു. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here