ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ  ഇന്ത്യയിലേക്ക് . പ്രധാനമന്ത്രിയുടെ  ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു  മാർപ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. മുൻപ് ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം താൽപര്യം അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്.

പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ ഉച്ചക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട്  ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുൻപ് പ്രധാനമന്ത്രിയും മാർപാപ്പയും ഉപഹാരങ്ങൾ കൈമാറി.

കൊവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായി. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ്  കോടി കടന്ന വാക്‌സിനേഷൻ നേട്ടവും പ്രധാനമന്ത്രി മാർ പാപ്പയോട് വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടത്തെയും കൊവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാർപാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങളും  ചർച്ചയായി. മത പരിവർത്തന നിരോധന നിയമത്തിൻറെ പേരിൽ  രാജ്യത്ത്  മിഷണിമാർക്കും കന്യാസ്ത്രീകൾക്കും നേരെ അതിക്രമം തുടരുന്നുവെന്ന പരാതികളുടെ  പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ഇക്കാര്യം ചർച്ചയായതായി വിദേശ കാര്യ മന്ത്രാലയമോ വത്തിക്കാനോ വ്യക്തമാക്കിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here