ന്യൂഡൽഹി: ബിജെപി നേതാവും എം പിയുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അടുത്ത ആഴ്ച ന്യൂഡൽഹിയിൽ എത്തുമ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്താനാണ് സാധ്യത. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളോ പ്രതികരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ല.

സുശ്മിത ദേവ്, ബാബുൽ സുപ്രിയോ, ലൂസിഞ്ഞോ ഫലൈറോ, ലിയാണ്ടർ പേസ് തുടങ്ങിയവരുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെയാണ് വരുൺ ഗാന്ധിയും തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോർട്ട് ചർച്ചയാകുന്നത്. മനേക ഗാന്ധിയുടെ മകൻ തൃണമൂലിലേക്ക് ചേക്കേറുകയാണെങ്കിൽ അത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത ആഴ്ച ബംഗാൾ മുഖ്യമന്ത്രി ഡൽഹിയിലെത്തുമെന്നും സന്ദർശന വേളയിൽ നിർണായകമായ പല കാര്യങ്ങളും സംഭവിക്കുമെന്നും മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. മമതയുമായി വരുൺ ഗാന്ധി കൂടിക്കാഴ്ച നടത്തുകയാണെങ്കിൽ ഈ സമയത്ത് തന്നെ പാർട്ടി പ്രവേശനമുണ്ടാകുമോ അതോ പിന്നീടാകുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അടുത്തിടെ ബിജെപി ദേശീയ പ്രവർത്തന സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെയും അമ്മ മനേക ഗാന്ധിയെയും പാർട്ടി ഒഴിവാക്കിയിരുന്നു. ലഖിംപുർ ഖേരിയുൾപ്പെടെ പല വിഷയങ്ങളിലും ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വരുൺ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നെന്നതും ശ്രദ്ധേയമാണ്. വരുൺ ഗാന്ധി ബിജെപി വിടുമെന്ന പ്രചരണവും അടുത്ത കാലത്തായി ഉയർന്നിരുന്നു. കോൺഗ്രസിലേക്കാകുമോ പ്രവേശനം എന്ന ചർച്ചകൾ ഉയരവെയാണ് തൃണമൂലുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നത്.





LEAVE A REPLY

Please enter your comment!
Please enter your name here