ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതോടെ കർഷക സമരം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. വിജയപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇതോടെ 15 മാസങ്ങൾ നീണ്ട സമരത്തിനാണ് അവസാനമായിരിക്കുന്നത്.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചത് അടക്കമുള്ള ആവശ്യങ്ങൾ  കേന്ദ്ര സർക്കാർ അംഗീകരിച്ചതതിന് പിന്നാലെയാണ് സമരം പിൻവലിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയ്ക്ക് രേഖാമൂലം ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പിൻവലിക്കാനുള്ള നീക്കം.

സമരം അവസാനിപ്പിക്കുന്നത് ആലോചിക്കാൻ സിംഘുവിൽ പ്രത്യേക യോഗം ചേർന്നിരുന്നു. കർഷകർ സിംഘുവിലെ ടെന്റുകൾ പൊളിച്ചു തുടങ്ങി.

തങ്ങളുടെ സമരം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ യോഗത്തിന് ശേഷം പറഞ്ഞു.

ആവശ്യങ്ങൾ പാലിക്കുമെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്ന് ബികെയു ഹരിയാന നേതാവ് ഗുർണം സിങ് ചരുണി, ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് അശോക് ധാവ്ലെ എന്നിവർ പറഞ്ഞിരുന്നത്. അതേസമയം, ഇനിയും അംഗീകരിക്കാത്ത ആവശ്യങ്ങളിന്മേൽ സർക്കാറുമായി ചർച്ച തുടരും.

ഡിസംബർ 11 മുതൽ ഡൽഹി അതിർത്തികളിൽ നിന്നും കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് 5.30ന് കർഷക സംഘടനകൾ വിജയ പ്രാർത്ഥന നടത്തും. ഡിസംബർ 11 ന് രാവിലെ 9 മണിയോടെ ഡൽഹിയുടെ അതിർത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളിൽ വിജയ മാർച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കർഷക സംഘടനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here