ന്യൂ ഡൽഹി : ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ   ചെറിയ പാർട്ടികളെ എല്ലാം ഉൾപ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിന് തിരിച്ചടി. ഭീം ആർമി-എസ്പി സഖ്യ നീക്കം പാളി. സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യനീക്കം പാളിയത്. യുപി തെരഞ്ഞെടുപ്പിൽ 10 സീറ്റുകളാണ് ഭീം ആർമി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് സീറ്റുകൾ നൽകാമെന്നാണ് എസ് പി നിലപാട്. എന്നാലിതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വിസമ്മതമറിയിച്ചു. ഇതോടെ ഭീം ആർമിയെ ഒപ്പം ചേർക്കാനുള്ള അഖിലേഷിന്റെ നീക്കം പാളിയെന്നാണ് വിവരം.

ബിജെപിയെ പ്രതിരോധിക്കാൻ എസ് പി- ബിഎസ് പി പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ചന്ദ്രശേഖർ ആസാദ് വിശദീകരിച്ചു. അഖിലേഷ് യാദവിനെ കാണാൻ താൻ രണ്ട് ദിവസം ലഖ്നൗവിലുണ്ടായിരുന്നു. എന്നാൽ തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചു. അഖിലേഷിന് ദളിത് വിഭാഗത്തെ ആവശ്യമില്ലെന്നും അഖിലേഷും ബിജെപിയും ഒരു പോലെയാണെന്നും ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി. നേരത്തെ ബിജെപി വിട്ടവരെ സ്വീകരിക്കാനുള്ള എസ് പി യോഗത്തിൽ പങ്കെടുക്കാൻ  ഭീം ആർമി നേതാവ് ചന്ദ്രശേഖ ആസാദും എസ്പി ആസ്ഥാനത്ത് എത്തിയിരുന്നു

അതേ സമയം, യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും ആരോഗ്യ സെക്രട്ടറിയെ കാണും. കൊവിഡ് പശ്ചാത്തലത്തിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും നിലവിൽ വിലക്കുണ്ട്.  ഇത് തുടരണോ എന്നതിൽ  തീരുമാനം എടുക്കാനാണ് ചർച്ച. നിയന്ത്രണങ്ങൾക്കിടയിലും ബിജെപി വിട്ടവരെ സ്വീകരിക്കാനുള്ള യോഗം വൻ ജനക്കൂട്ടത്തിൻറെ സാന്നിധ്യത്തിൽ നടത്തിയതിന് സമാജ് വാദി പാർട്ടിക്കെതിരെ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്. എഡിഎമ്മിനോടും എസിപിയോടും കമ്മീഷൻ വിശദീകരണം തേടി.

ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ ഉൾപ്പടെയുള്ള എംഎൽഎമാരെ അഖിലേഷ് യാദവ് നേരിട്ടാണ് എസ്പിയിലേക്ക് സ്വീകരിച്ചത്. എസ്പി ആസ്ഥാനത്ത് നടന്ന ചടങ്ങിന് വൻ ജനക്കൂട്ടം എത്തി. റാലികളും യോഗങ്ങളും നിരോധിച്ചിരിക്കെ നടന്ന ചടങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. നപടിയുണ്ടാകും എന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here