ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള നാല് വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. അഞ്ചാം തലമുറ (5ജി) മൊബൈൽ ടവറുകളിലെ തരംഗങ്ങൾ വിമാനത്തിലെ ചില ഉപകരണങ്ങളെ ബാധിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. എയർ ഇന്ത്യയ്‌ക്കു പുറമെ മറ്റ് പ്രമുഖ വിമാന കമ്പനികളും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്‌ക്കുകയോ, റദ്ദാക്കുകയോ ചെയ്‌തു.

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോ, ജോൺ.എഫ്.കെന്നഡി, ചിക്കാഗോ എന്നിവിടങ്ങളിലേക്കും മുംബയിൽ നിന്ന് നെവാക്കിലേക്കുള്ള സർവീസുമാണ് എയർ ഇന്ത്യ ഇന്നലെ മുതൽ റദ്ദാക്കിയത്.

അമേരിക്കയിൽ എ.ടി ആൻഡ് ടി, വെരിസോൺ ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിക്കാഗോ, ഒാർലൻഡോ, ലോസാഞ്ചലസ്, ഡല്ലാസ്, സിയാറ്റിൽ, സാൻഫ്രാൻസിസ്കോ തുടങ്ങിയ വിമാനത്താവളങ്ങൾക്ക് ചുറ്റും ടവറുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ജപ്പാൻ എയർലൈൻസ്, എ.എൻ.എ ഹോൾഡിംഗ്സ്, ഡെൽറ്റാ എയർലൈൻസ്, എമിറേറ്റ്സ്, കൊറിയൻ എയർ, ചൈന എയർ, കാത്തെ പസഫിക് തുടങ്ങിയ പ്രമുഖ കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ, വിമാനങ്ങൾ പുന:ക്രമീകരിക്കുകയോ ചെയ്‌തിട്ടുണ്ട്.

 

 വില്ലൻ സി-ബാൻഡ്

5ജി സേവനത്തിന് ഉപയോഗിക്കുന്ന സി-ബാൻഡ് സ്‌പെക്‌ട്രം ബോയിംഗ് 777 വിമാനങ്ങളെയും മറ്റും മോശം കാലാവസ്ഥയിൽ ലാൻഡിംഗിന് സഹായിക്കുന്ന റഡാറുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. യു.എസിൽ തണുപ്പ് കാലത്ത് മൂടൽമഞ്ഞിൽ കാഴ്ച മറയുന്നത് പതിവായതിനാൽ പൈലറ്റുമാർ ലാൻഡിംഗിന് ഒാട്ടോമാറ്റിംഗ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ആശങ്കയെ തുടർന്ന് എ.ടി ആൻഡ് ടി, വെരിസോൺ ടെലികോം കമ്പനികൾ 5ജി സേവനം നൽകുന്നത് ആറുമാസത്തേക്ക് താത്ക്കാലികമായി മരവിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here