മുംബയ് : കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കൊവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.

പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങൾ ഗായികയെ തേടിയെത്തി.


1929 സെപ്തംബർ 28ന് പണ്ഡിറ്റ് ദിനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിരയുടെയും അഞ്ച് മക്കളിൽ മൂത്തയാളായി മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ലതാ മങ്കേഷ്‌കർ ജനിച്ചത്. പ്രശസ്ത ഗായിക ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്‌കർ,ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികർ,ഗായിക ഉഷാ മങ്കേഷ്‌കർ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

ലതാ മങ്കേഷ്കർ കുട്ടിക്കാലത്ത് പിതാവിന്റെ വഴിയേ നാടകത്തിൽ അഭിനയിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടി. 2001ൽ രാജ്യം ഭാരതരത്‌നം നൽകി ആദരിച്ചു. 1989ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടി. ഫ്രഞ്ച് സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ ലീജിയൻ ഒഫ് ഓണർ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here