ന്യൂഡൽഹി: രാമനവമി ദിനത്തിൽ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ അഴിച്ചുവിട്ട കലാപശ്രമങ്ങൾ അതേപടി ആവർത്തിച്ച് ഹനുമാൻ ജയന്തി റാലിയും. ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇന്നലെ രാത്രി രണ്ട് സമുദായത്തിൽപ്പെട്ടവർ ഏറ്റുമുട്ടി.

കല്ലേറിലും തുടർന്നുണ്ടായ സംഘർഷത്തിലും ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സാധാരണക്കാരനും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 

പരിക്കേറ്റവരിൽ ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ മേധലാൽ മീണയും ഉൾപ്പെടുന്നു. ഇയാളുടെ കൈക്ക് വെടിയേറ്റിട്ടുണ്ട്. എങ്ങനെയാണ് വെടിയേറ്റതെന്ന് ഇതുവരെ അറിവായിട്ടില്ല. കല്ലേറും അക്രമവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി ടി.വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലെ വീഡിയോകളും ഉപയോഗിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കലാപം, വധശ്രമം, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെയും സ്‌പെഷ്യൽ സെല്ലിന്റെയും 10 ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അക്രമത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ഗൂഢാലോചനയുടെ കോണിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും സംഘർഷബാധിത പ്രദേശങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. 2020ൽ കലാപം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ ചില ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾ മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സെൻ തള്ളിക്കളഞ്ഞു.

സമാധാനം നിലനിൽക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന ഇന്നലെ അറിയിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പട്രോളിംഗിന് മേൽനോട്ടം വഹിക്കാനും അതാത് പ്രദേശങ്ങളിൽ തങ്ങാൻ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ‘എൻ.ഡി ടി.വി’യോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here