അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറി സന്ദർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒപ്പമുണ്ടായിരുന്നു. ബോറിസ് ജോൺസൺ ഫാക്ടറിയിലെ ബുൾഡോസറിൽ ചാടിക്കയറിയത് കൗതുകമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

രണ്ട് ദിന സന്ദർശനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെയാണ് ജോൺസൺ അഹമ്മദാബാദിലെത്തിയത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി.

അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തി. ഇവിടുത്തെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച അദ്ദേഹം ആശ്രമത്തില്‍ വരാന്‍ സാധിച്ചത് മഹത്തായ ഭാഗ്യമാണെന്ന് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു.

 

ഗുജറാത്തിലെ നിരവധി ബിസിനസുകാരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സന്ദർശനം നടത്തുന്നത് ആവേശകരമായ കാര്യമാണെന്നും മഹത്തായ രണ്ട് രാജ്യങ്ങൾക്കും ഒരുമിച്ച് കൈവരിക്കാവുന്ന ഒരുപാട് നേട്ടങ്ങളുണ്ടെന്നും ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here