ന്യൂഡൽഹി : ചൈനയുടെ സഹായത്തോടെ നേപ്പാൾ നിർമ്മിച്ച വിമാനത്താവളത്തിലിറങ്ങാൻ തയ്യാറാവാതെ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര ഹെലികോപ്ടറിൽ. മേയ് പതിനാറിന് ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലാണ് മോദി സന്ദർശനം നടത്തുന്നത്. നേപ്പാൾ പ്രധാനമന്ത്രി ഷെർ ബഹാദുർ ദ്യുബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ബുദ്ധപൂർണിമ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്യും. ലുംബിനിയിലെ മായാദേവിക്ഷേത്രത്തിലും മോദി ദർശനം നടത്തും.


നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ലുംബിനിയിൽ നിന്നും കേവലം പത്തൊൻപത് കിലോമീറ്റർ അകലെയാണ് ചൈനീസ് സഹായത്തോടെ നിർമ്മിച്ച ഗൗതംബുദ്ധ അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ ഇവിടെ വിമാനത്തിൽ പറന്നിറങ്ങാതെ ഉത്തർ പ്രദേശിലെ കുശിനഗർ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിലാവും മോദി നേപ്പാളിൽ എത്തുക. ലുംബിനിയിലെ ഹെലിപ്പാഡിൽ ഇറങ്ങാനാണ് പദ്ധതി. ചൈനീസ് സഹായത്തോടെ നിർമ്മിച്ച ഗൗതംബുദ്ധ അന്താരാഷ്ട്ര വിമാനത്താവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മോദി എത്തുന്ന ദിവസമാണെന്ന പ്രത്യേകതയുമുണ്ട്. ചൈനയുമായി നേപ്പാൾ കൂട്ടുകൂടുന്നത് ഇന്ത്യയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ചൈനീസ് കമ്പനിയായ നോർത്ത് വെസ്റ്റ് സിവിൽ ഏവിയേഷൻ എയർപോർട്ട് കൺസ്ട്രക്ഷനാണ് ഈ വിമാനത്താവളം നിർമ്മിച്ചത്. ശ്രീലങ്കയെ പോലെ ചൈനീസ് കടക്കെണിയിലേക്ക് നേപ്പാളും താമസിയാതെ വീഴുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here