ശ്രീനഗർ: ശ്രീനഗറിലെ ഗനി മൊഹല്ലയിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഏഴുവയസുകാരിയായ മകൾക്ക് പരിക്കേറ്റു. അഞ്ചാർ മേഖലയിലെ സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയാണ് മരിച്ചത്. സ്വന്തം വീടിനു മുന്നിൽ നിൽക്കവെ, വാഹനത്തിലെത്തിയ ഭീകരർ ഖ്വാദ്രിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

ഖ്വദ്രിയുടെ മകളുടെ വലതു കൈയിൽ വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തു.

ഈ മാസം മൂന്നാം തവണയാണ് പൊലീസുകാർക്ക് നേരെ ഭീകരാക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 7 ന് അഞ്ചാർ പ്രദേശത്തിന് സമീപമുള്ള ഐവ പാലത്തിൽ ഭീകരർ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. 13 ന് പുൽവാമ ജില്ലയിൽ മറ്റൊരു പൊലീസുകാനും ഭീകരരുടെ വെടിയേറ്റ് മരിച്ചു.

കഴിഞ്ഞ മാസം ബാരാമുള്ള ജില്ലയിൽ ഒരു സർപഞ്ചിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരടക്കം അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെടാത്തവരും എന്നാൽ ഭീകരപരിശീലനം ലഭിച്ചവരും ആക്രമണത്തിൽ പങ്കെടുത്തശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ് ‘ഹൈബ്രിഡ്’ ഭീകരർ.

LEAVE A REPLY

Please enter your comment!
Please enter your name here