ബേബി മണക്കുന്നേൽ, പ്രസിഡൻ്റ്

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OlCC ) ,യു .എസ് .എ

ഒന്നിച്ചു നിന്നാൽ കേരളത്തിൽ കോൺഗ്രസിനെ വെല്ലാൻ ആരുമില്ലെന്ന സത്യം അരക്കെട്ടുറപ്പിച്ച വിജയം .യു.ഡി.എഫിൻ്റെ പൊന്നാപുരം കോട്ടയിൽ അട്ടിമറി വിജയവും അത് വഴി അഴിമതിയുടെ ദുർഗന്ധം പേറുന്നതും പരിസ്ഥിതി വിനാശം വരുത്തുന്നതുമായ സിൽവർ ലൈൻ പദ്ധതി വായടപ്പിച്ച് നടത്താമെന്ന വലിയ സ്വപ്നത്തെ അറബിക്കടലിൽ മുക്കി കളഞ്ഞു തൃക്കാക്കരക്കാർ .സംസ്ഥാന മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം തമ്പടിച്ച് പ്രവർത്തിച്ചിട്ടും ,മന്ത്രിമാരും എം.എൽ.എമാരും സമുദായം നോക്കി വീടുകൾ സന്ദർശിച്ച് സ്വാധീനം ചെലുത്തിയിട്ടും ,വച്ചു നീട്ടിയ മോഹന വാഗ്ദാനങ്ങളിൽ കുരുങ്ങാതെ പി ടി തോമസ് ഉയർത്തിപ്പിടിച്ച നിലപാടുകളും മതേതരത്വവും മുറുകെ പിടിച്ച തൃക്കാക്കരയിലെ വോട്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .


അച്ചടക്കത്തോടെയും അതിലേറെ വിനയത്തോടെയും പുഞ്ചിരിയോടെയും, മിതത്വമാർന്ന വാക്കുകളിലൂടെയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഉമാ തോമസ് തന്നിലെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചു. സത്യത്തിൽ പി.ടി യെ സ്ഥാനമാനങ്ങളില്ലാത്തപ്പോഴും ,വരുമാനം ഇല്ലാത്തപ്പോഴും താങ്ങി നിർത്തിയത് ഉമയുടെ ജോലിയിൽ നിന്നുള്ള മാസവരുമാനമായിരുന്നു .തൻ്റെ ഭർത്താവ് നട്ടെല്ലോടെ അഴിമതിക്കെതിരെ പൊരുതുവാനുള്ള കരുത്ത് പകർന്ന ഉമയാണ് സ്ത്രീ ശാക്തീകരണത്തിൻ്റെ മാതൃക .
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആദ്യം തർക്കം പിന്നെ സ്ഥാനാർഥി എന്ന പതിവിൽ നിന്നും ഇലക്ഷൻ പ്രഖ്യാപനത്തോടൊപ്പം സ്ഥാനാർഥി നിർണ്ണയം നടത്തി ഒരു ചുവട് മുന്നോട്ടുവച്ചു .അതിന് നേതൃപരമായ പങ്ക് വഹിച്ച കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ എം.പി. ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ എത്ര ശ്ലാഹിച്ചാലും മതിയാകില്ല .നേതാക്കൾ ഒറ്റക്കെട്ടായപ്പോൾ അണികൾ അതിവേഗം യുദ്ധക്കളത്തിൽ അണിനിരന്നു .കോൺഗ്രസിൻ്റെ യുവനിര ആരോപണ പ്രത്യാരോപണങ്ങളുമായി തെരുവോരങ്ങളിലും ചാനൽ ചർച്ചകളിലും സജീവമായപ്പോൾ മുതിർന്ന നേതാക്കൾ വീടുകളിലും ഫ്ലാറ്റുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു .മണ്ഡലത്തിലെ ബൂത്ത് – വാർഡ് തല നേതാക്കൾക്കൊപ്പം നിശ്ചയിക്കപ്പെട്ടിടത്ത് അതാത് നിയോജകമണ്ഡല നേതാക്കളും പ്രവർത്തകരും സഹായികളായി .അങ്ങനെ കൈക്കുമ്പിളിൽ കോരിയെടുത്ത വിജയമായി തൃക്കാക്കര യു.ഡി.എഫിന് മാറി .കള്ളവോട്ടും ,വർഗീയ പ്രചരണങ്ങളേയും കൂട്ടുപിടിച്ച എൽ.ഡി.എഫ് നിലംപരിശായി .
നിയമസഭയിലേക്ക് പി.ടി യുടെ പിൻമുറക്കാരിയായി കടന്നു ചെല്ലുന്ന ഉമാ തോമസ് മികച്ച പ്രവർത്തനങ്ങളിലൂടെ തൃക്കാക്കരക്കാരുടെ സ്വപ്നങ്ങൾ പൂവണിയിക്കട്ടെ .തിരഞ്ഞെടുപ്പ് യു.ഡി.എഫിൻ്റെ കെട്ടുറപ്പിന് ശക്തി പകരട്ടെ .വരാൻ പോകുന്ന പാർലമെൻ്റ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ഒരുങ്ങാൻ ഒരു നല്ല പാഠമായി മാറട്ടെ ഈ വിജയം .തിരഞ്ഞെടുപ്പ് അണിയറയിൽ പ്രവർത്തിച്ച അമേരിക്കയിലെ ഓരോ സഹപ്രവർത്തകർക്കും ,കോൺഗ്രസ് കുടുംബങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു .




LEAVE A REPLY

Please enter your comment!
Please enter your name here