പി. പി. ചെറിയാൻ

വാഷിങ്ടൻ ഡിസി : ഗർഭഛിദ്ര നിരോധന ബില്ലിൽ അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീംകോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതിനാവശ്യമായ ബിൽ അടുത്ത ആഴ്ച യുഎസ് ഹൗസ് പരിഗണിക്കുമെന്നു സ്പീക്കർ നാ‍ൻസി പെലോസി അറിയിച്ചു.

മേരിലാന്റിലുള്ള സുപ്രീം കോടതി ജഡ്ജി ബ്രട്ട് കവനോയുടെ വസതിക്കു സമീപം കൈത്തോക്കും കത്തിയുമായി ഒരാളെ പിടികൂടിയ സാഹചര്യത്തിലാണു സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ഹൗസ് ചർച്ച ചെയ്യുക എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കലിഫോർണിയയിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ എത്തിയത് സുപ്രീം കോടതി ജഡ്ജിയെ മാത്രം ലക്ഷ്യം വച്ചാണെന്ന് അന്വേഷണോദ്യോഗസ്ഥരോടു ഇയാൾ സമ്മതിച്ചിരുന്നു.

കഴിഞ്ഞ മേയിൽ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് സെനറ്റിൽ ഐക്യകണ്ഠേനെ നിയമം പാസ്സാക്കിയിരുന്നുവെങ്കിലും യുഎസ് ഹൗസ് അതിനു തടയിടുകയായിരുന്നു. ഇതിനു നേതൃത്വം നൽകിയതു ഡമോക്രാറ്റിക് പാർട്ടി തന്നെയാണ്. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധിക്കുകയും യുഎസ് ഹൗസിൽ ബിൽ വോട്ടിനിടാത്തതിൽ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബില്ലിനു കൂടുതൽ വ്യക്തത ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ഡമോക്രാറ്റുകൾ വിഷയം വോട്ടിനിടാൻ വിസമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here