കേന്ദ്രസർക്കാരിന്റെ അഗ്നിപഥ്(Agneepath) പദ്ധതിക്കെതിരെ ബിഹാറിലെ ജെഹാനാബാദ്, നവാഡ, സഹർസ എന്നിവിടങ്ങളിൽ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎ അരുണാ ദേവി(BJP MLA Aruna Devi) ആക്രമിക്കപ്പെട്ടു. എംഎൽഎ നവാഡയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. അരുണായുടെ കാർ അക്രമികൾ തല്ലി തകർത്തു.

എംഎൽഎ അരുണാ ദേവി ബർസാലിഗഞ്ചിൽ നിന്ന് നവാഡ കോടതിയിലേക്ക് വരികയായിരുന്നു. ഇതിനിടെ കല്ലും, മുളവടിയുമായി സമരക്കാർ വാഹനത്തിന് നേരെ ചീറിയടുത്തു. എംഎൽഎയും സ്റ്റാഫും വണ്ടിയിൽ ഇരിക്കെത്തന്നെ വാഹനം അടിച്ചു തകർത്തു. സംഭവത്തിൽ എംഎൽഎയുടെ അംഗരക്ഷകനും ഡ്രൈവർക്കും ഒരു പ്രവർത്തകനും പരിക്കേറ്റു. സ്ഥലത്ത് പ്രകടനമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു.

മുൻ മുഖ്യമന്ത്രിക്ക് പിന്നാലെയാണ് ബിജെപി എംഎൽഎയും ആക്രമിക്കപ്പെട്ടത്. നവാഡയിലെ ബിജെപി ഓഫീസിന് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. സമരക്കാർ ഓഫീസ് അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here