ന്യൂ ഡൽഹി: എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഝാർഘണ്ഡ് മുൻ ഗവർണറും ഒഡീഷ മുൻ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു ആണ് എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. 20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്.

1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിൻറെ ജനനം. സന്താൾ വംശജയാണ് ദ്രൗപദി. ഝാാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു.

ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.
 
ഒഡീഷയിൽ പാർട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളിൽ ഒരാൾ എന്ന നിലയിലാണ് മുർമുവിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച പേരെടുത്ത ശേഷമാണ് ബിജെപിയിലൂടെ മുർമു വലിയ പദവികളിലേക്ക് വളർന്നത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here