ന്യൂഡൽഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ മകളെ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തുന്നുവെന്ന ആരോപണങ്ങൾ സംബന്ധിക്കുന്ന പോസ്റ്റുകളാണ് പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടത്. ജയ്‌റാം രമേശ്, പവൻ ഖേര, നെറ്റാ ഡിസൂസ എന്നിവർക്കെതിരെയാണ് ഉത്തരവ്. സ്മൃതി ഇറാനി സമർപ്പിച്ച രണ്ടുകോടിയുടെ മാനനഷ്ടക്കേസിലാണ് വിധി. നേതാക്കളോട് ഓഗസ്റ്റ് 18ന് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

കോൺഗ്രസ് നേതാക്കൾ പോസ്റ്റുകൾ നീക്കിയില്ലെങ്കിൽ ട്വിറ്റർ ഇത് പിൻവലിക്കണമെന്ന് കോടതി നിർദേശിച്ചു. വസ്തുതകൾ പരിശോധിക്കാതെയാണ് പരാതിക്കാരിയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ നടപടി. ഇത് പരാതിക്കാരിയുടെ സൽപ്പേരിനെ സാരമായി ബാധിച്ചുവെന്നും കോടതി വിലയിരുത്തി.

ഉന്നത പദവി വഹിക്കുന്നവർക്കെതിരെയും സാധാരണ പൗരൻമാർക്കെതിരെയും അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്ജു കോൺഗ്രസിനെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.

 

 

അതേസമയം, തങ്ങളുടെ ആരോപണങ്ങൾ തെളിയിക്കുന്ന വസ്തുതകൾ കോടതിയ്ക്ക് മുൻപാകെ അവതരിപ്പിക്കുമെന്ന് ഉത്തരവിന് പിന്നാലെ ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. ഇറാനി പറയുന്നത് തെറ്റാണെന്ന് തെളിയിക്കുമെന്നും രമേശ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here