കൊച്ചി: 2007 ലെ സുപ്രീംകോടതി വിധി പാലിച്ച് നിബന്ധനകളോടെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി.  നിരോധിത വെടിമരുന്നുകള്‍ പാടില്ല, 125 ഡെസിബലിന് മുകളിലുള്ള വെടിക്കെട്ട് അനുവദിക്കില്ല. ശബ്ദ നിയന്ത്രണം ഉറപ്പാക്കണം, ദൂരപരിധി പാലിക്കണം എന്നിവയാണ് നിബന്ധനകള്‍.

രാത്രിയില്‍ ശബ്ദത്തോടെയുള്ള വെടിക്കെട്ട് നിരോധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈക്കോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തെന്നും ചൂണ്ടിക്കാട്ടി.

പൂരം ആചാരപ്രകാരം നടക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആന എഴുന്നള്ളിപ്പിന്റെ നിരോധനം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ ആശയക്കുഴപ്പമുണ്ടാക്കിയത് കൊണ്ടാണ് പിന്‍വലിച്ചതെന്നും എ.ജി അറിയിച്ചു. വെടിക്കെട്ടിനുള്ള വെടിമരുന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിക്കുമെന്നും പൂരത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിക്കുമെന്നും മുന് കരുതലെന്ന നിലയില്‍ സ്വരാജ് ഗ്രൗണ്ടിലെ പമ്പുകള്‍ അടച്ചിടുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

പൂരം വെടിക്കെട്ടിന് സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം കോടതിയെ അറിയിച്ചു. അതുകൊണ്ട് സുരക്ഷ കര്‍ശനമായി പാലിച്ച് ഇളവ് അനുദിക്കണം. കതിന, ഗുണ്ട്, അമിട്ട് നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വെടിക്കെട്ടുണ്ടാക്കുന്ന ശബ്ദ മലിനീകരണം മാത്രമാണ് ബോര്‍ഡ് നോക്കുന്നത്. അതുമൂലം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം ആരും ശ്രദ്ധിക്കുന്നില്ലെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ട് ശബ്ദ,വായു മലനീകരണത്തിന് പ്രത്യേക നയം വേണമെന്നും കോടതി ആവശ്യപ്പെട്ടു.

വെടിക്കെട്ട് നടത്തുന്നതിനും ആന എഴുന്നള്ളിപ്പിനും കടുത്ത നിയന്ത്രണം വന്ന സാഹചര്യത്തില്‍ കുടമാറ്റവും വെടിക്കെട്ടും മേളവും ഒഴിവാക്കി പേരിന് മാത്രം പൂരം നടത്തുമെന്ന് ദേവസ്വങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെട്ട് ആന എഴുന്നള്ളിപ്പിന്റെ നിയന്ത്രണം നീക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here