ന്യൂഡല്‍ഹി: മാലിന്യനീക്കവും അഴിമതിയും മുഖ്യ അജന്‍ഡയായ ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ആം ആദ്‌മി, കോണ്‍ഗ്രസ്‌ നേര്‍ക്കുനേര്‍ പോരാട്ടം. 250 സീറ്റുകളിലായി അങ്കത്തിനിറങ്ങിയത്‌ 1,300-ല്‍ ഏറെ സ്‌ഥാനാര്‍ഥികള്‍. ജനവിധി മറ്റന്നാള്‍ അറിയാം.
ഇന്നലെ രാവിലെ എട്ടരയ്‌ക്കു തുടങ്ങിയ വോട്ടെടുപ്പ്‌ വൈകുന്നേരം അഞ്ചരവരെ നീണ്ടു. പക്ഷേ, നാലരവരെ 45 ശതമാനം മാത്രമായിരുന്നു പോളിങ്‌. ചിലയിടങ്ങളില്‍ വോട്ടിനെത്തിയവരുടെ പേര്‌ പട്ടികയില്‍ ഇല്ലാതിരുന്നത്‌ ബഹളം സൃഷ്‌ടിച്ചു. വോട്ടിനു ബൂത്തിലെത്തിയവരെ വേറെ ബൂത്തിലാണ്‌ വോട്ടെന്നു പറഞ്ഞയച്ചതും പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു.
2015 അസംബ്ലി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70-ല്‍ 67 സീറ്റും നേടി ആം ആദ്‌മി പാര്‍ട്ടി തൂത്തുവാരി. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞു നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചത്‌ ബി.ജെ.പിയാണ്‌. 271 സീറ്റില്‍ 181 സീറ്റിലും ബി.ജെ.പി. വിജയക്കൊടി പാറിച്ചു. 48 സീറ്റുകളില്‍ വിജയിച്ച എ.എ.പി. രണ്ടാം സ്‌ഥാനത്തായി. കോണ്‍ഗ്രസ്‌ 30 സീറ്റുമായി മൂന്നാമതും.
ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്‌ ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്‌ഡ എന്നിവരും സംസ്‌ഥാന മുഖ്യമ്രന്തിമാരുമൊക്കെയാണ്‌ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ്‌ പര്യടനത്തിന്‌ ഇറങ്ങിയത്‌.
എ.എ.പിക്കെതിരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍, രാജ്യതലസ്‌ഥാനത്തെ മാലിന്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ബി.ജെ.പിയെ ആം ആദ്‌മി നേരിടുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here