ന്യൂഡൽഹി: ഞായറാഴ്ച പുലർച്ചെ കാർ ഇടിച്ച് വലിച്ചിഴച്ച് യുവതി മരിച്ച സംഭവത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാറിനടിയിൽ കുടുങ്ങിയ 20 കാരിയെ ഒരു മണിക്കൂറോളം വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. ദൃക്‌സാക്ഷിയായ ദീപക് ദാഹിയയുടെ കടയുടെ മുന്നിലുള്ള സിസിടിവി കാമറയിൽ നിന്നാണ് പുതിയ ദൃശ്യങ്ങൾ ലഭിച്ചത്. ഡൽഹിയിലെ കഞ്ജവാലയിലെ റോഡിൽ മാരുതി ബലേനോ കാർ യു ടേൺ എടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സ്‌കൂട്ടിയിൽ ഇടിച്ച ശേഷം കാർ യു ടേൺ എടുക്കുന്നത് താൻ കണ്ടതായി ദീപക് ദാഹിയ പറഞ്ഞിരുന്നു. പുലർച്ചെ 3.34ന് റെക്കോർഡ് ചെയ്ത ദൃശ്യത്തിൽ കാറിനടിയിൽ മൃതദേഹം ഉള്ളത് വ്യക്തമായി കാണാം. കാറിൽ കുടുങ്ങിയ യുവതിയെ 18 മുതൽ 20 കിലോമീറ്റർ വരെ വലിച്ചിഴച്ചതായും ഒന്നര മണിക്കൂറോളം കാർ ആ വഴി ഓടിച്ചതായും ദീപക് അറിയിച്ചു. എന്നാൽ മൃതദേഹം 12 കിലോമീറ്ററോളം മാത്രമേ വലിച്ചിഴച്ചിട്ടുള്ളുവെന്നാണ് പൊലീസ് പറഞ്ഞത്.

‘രാവിലെ 3.20 ന് താൻ കടയുടെ പുറത്ത് നിൽക്കുമ്പോൾ 100 മീറ്റർ അകലെ ഒരു വലിയ ശബ്ദം കേട്ടുവെന്നും ആദ്യം വണ്ടിയിലെ ടയർ പൊട്ടിയ ശബ്ദമാണെന്നാണ് കരുതിയത്. പിന്നാലെ വണ്ടി വീണ്ടും ഓടിയപ്പോൾ താൻ നോക്കുകയും കാറിൽ മൃതദേഹം വലിച്ചിഴയ്ക്കുന്നതു കണ്ടു. തുടർന്ന് താൻ പൊലീസിനെ വിവരം അറിയിച്ചതായി ദൃക്‌സാക്ഷിയായ ദീപക് ദാഹിയ പറഞ്ഞു. പ്രതികൾ ഒരേ റോഡിൽ പലതവണ യു ടേൺ എടുത്തതായി ദീപക് അറിയിച്ചു. പലതവണ തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ വാഹനം നിർത്തിയില്ല. ഒന്നര മണിക്കൂറോളം അവർ മൃതദേഹം വലിച്ചിഴച്ചതായി അദ്ദേഹം കുട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഞ്ജവാലയിലെ സംഭവത്തെക്കുറിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണറുമായി സംസാരിച്ചുവെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഐപിസിയുടെ കർശനമായ വകുപ്പുകൾ അവർക്കെതിരെ ചുമത്തണമെന്നും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളവരാണെങ്കിൽ പോലും ഒരു ദയയും കാണിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ ഉറപ്പുനൽകിയതായി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

കാറിന്റെ ചില്ലുകൾ ഉയർത്തിയിരുന്നതായും കാറിനുള്ളിലെ സംഗീതം കാരണം മറ്റ് ശബ്ദങ്ങൾ കേട്ടില്ലെന്നുമാണ് പ്രതികൾ പൊലീസിനെ അറിയിച്ചത്.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ യുവതി സഞ്ചരിച്ച ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ട് പോയതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കാറിൽ യുവതിയുടെ വസ്ത്രം കുരുങ്ങിയതിനാൽ എട്ട് കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കുകയായിരുന്നു. യുവതിയുടെ മൃതദേഹവുമായി സഞ്ചരിക്കുന്ന കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരവധിപേർ വാഹനത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ ശ്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here