ചെന്നൈ: തിരുച്ചിറപ്പള‌ളിയിലേക്ക് പോകാനായി പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് യുവമോർച്ചാ നേതാവും ബാംഗ്ളൂർ സൗത്ത് മണ്ഡലത്തിൽ നിന്നുളള ലോക്‌സഭാംഗവുമായ തേജസ്വി സൂര്യയെന്ന് തെളിഞ്ഞു. വിവരം കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചു. അബദ്ധത്തിൽ സംഭവിച്ചതാണെന്നും സംഭവത്തിൽ തേജസ്വി സൂര്യ ക്ഷമാപണം നടത്തിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നിന്നും തിരുച്ചിറപ്പളളിയിലേക്ക് പറന്നുയർന്ന വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച വിവാദം വാർത്തയായത്.ഏകദേശം ഒരുമാസം മുൻപായിരുന്നു സംഭവം. ഡിസംബർ 10ന് നടന്ന സംഭവത്തിൽ ഇൻഡിഗോ പത്രക്കുറിപ്പിറക്കിയത് കഴിഞ്ഞ ദിവസമാണ്. തേജസ്വി സൂര്യയാണ് ഇങ്ങനെ ചെയ്‌തതെന്ന് വിമാനത്തിലെ മറ്റ് യാത്രക്കാർ സംഭവസമയത്ത് തന്നെ പറഞ്ഞിരുന്നു.

“സംഭവം നടന്നയുടൻ തേജസ്വി സൂര്യ തന്നെയാണ് ഇക്കാര്യം പൈലറ്റിനെയും ക്രൂവിനെയും അറിയിച്ചത്. വിമാനം റൺവെയിലായിരുന്നപ്പോൾ അദ്ദേഹം അബദ്ധത്തിൽ വാതിൽ തുറന്നു. സംഭവത്തിൽ അദ്ദേഹം ക്ഷമ പറഞ്ഞിട്ടുണ്ട്.” മന്ത്രി പറഞ്ഞു. സംഭവം ഇത്രനാൾ മറച്ചുവച്ചതിന് കോൺഗ്രസ് സർക്കാരിനെ വിമർശിച്ചു. എം‌പിയുടെ പ്രവർത്തിയെ തുടർന്ന് വിമാനം രണ്ട് മണിക്കൂറിലധികം വൈകിയാണ് യാത്ര പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here