ഡിജിറ്റല്‍ ഇന്ത്യയെന്ന പേരിന് കോട്ടം തട്ടിച്ചുകൊണ്ട് ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ വീണ്ടും ഒന്നാമത് ഇന്ത്യ. 2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്.

84 തവണയാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, വിവിധ തെരഞ്ഞെടുപ്പുകള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്റര്‍നെറ്റ് വിച്ഛേദത്തിന് കാരണമായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മുകശ്മീരാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. രാജസ്ഥാനില്‍ പന്ത്രണ്ടും പശ്ചിമബംഗാളില്‍ ഏഴും തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മൗലികാവകാശങ്ങള്‍ക്കെതിരായ ആക്രമണമാണിതെന്ന് സീനിയര്‍ ഇന്റര്‍നാഷണല്‍ കൗണ്‍സലും ഏഷ്യാ പസഫിക് പോളിസി ഡയറക്ടറുമായ രമണ്‍ ജിത് സിംഗ് ചിമയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി. 2021ല്‍ ഇന്ത്യയില്‍ 107 തവണയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതുമൂലം ബിസിനസില്‍ നഷ്ടം നേരിടുന്ന പരാതി ടെലികോം ഓപ്പറേറ്റര്‍മാരും ഉന്നയിച്ചിരുന്നു.

2022ല്‍ ലോകത്താകമാനം 35 രാജ്യങ്ങള്‍ 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. മനുഷ്യാവകാശം എങ്ങനെ ഇല്ലാതാകുന്ന എന്നതിന്റെ മുന്നറിയിപ്പാണ് ഇതെന്നും ഇത്തരം അടച്ചുപൂട്ടലുകള്‍ അരക്ഷിതാവസ്ഥയാണുണ്ടാക്കുന്നതെന്നും ജനീവയിലെ യുഎന്‍ മനുഷ്യാവകാശ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.അതേസമയം റഷ്യയുമായുള്ള യുദ്ധപശ്ചാത്തലത്തില്‍ 22 തവണയാണ് യുക്രൈനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here