പാചക വാതക വില വര്‍ധനവിനെ അപലപിച്ച് സിപിഐഎം. വിലവര്‍ധന സാധാരണക്കാര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പാചക വാതക വിലവര്‍ധന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകും. വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും സിപിഐഎം പിബി വ്യക്തമാക്കി.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചകവാതകവില വര്‍ധിപ്പിക്കുന്നത്. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്തവണത്തേത്.

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടിയതോടെ പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിലെ വിലയായ 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. നിരക്ക് വര്‍ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് പുറമേ ഹോട്ടലുടമകളും പ്രതിസന്ധിയില്‍ ആകുന്നുണ്ട്. വില വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here