മണിപ്പൂര്‍ സംഘര്‍ഷം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ നടത്തിയ രാജി നീക്കത്തില്‍ പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതായി താന്‍ കരുതിയതായി ബിരേന്‍ സിംഗ് പറഞ്ഞു. രാജ്ഭവനിലേക്ക് ഇറങ്ങിയ തന്നെ വസതിയ്ക്ക് മുന്നില്‍ ജനം തടഞ്ഞു. തന്റെ ചിന്തകള്‍ തെറ്റാണെന്ന് അന്ന് ജനം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലയിടത്തും പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോലം കത്തിക്കുന്നത് താന്‍ മണിപ്പൂരില്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ടാണ് രാജി നീക്കത്തിന് പിന്നിലുള്ള ചിന്തകളെക്കുറിച്ച് ബിരേന്‍ സിംഗ് പറഞ്ഞത്. ബിജെപി ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതും കണ്ടു. മണിപ്പൂരിനായി 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ ചെയ്തതെല്ലാം നഷ്ടമായോ എന്ന് മനസില്‍ കരുതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് കരുതി. എന്നാല്‍ അതെല്ലാം ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ധാരണയാണെന്ന് പിന്നീട് മനസിലാക്കി. തന്നെ രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചത് മണിപ്പൂരിലെ ജനക്കൂട്ടമാണെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

രാജി വയ്ക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിയെച്ചൊല്ലി ഇംഫാലില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാജിക്കത്ത് നല്‍കാന്‍ രാജ്ഭവനിലേക്ക് പുറപ്പെട്ട ബിരേന്‍ സിങിന്റെ വാഹനവ്യൂഹം ആയിരക്കണക്കിന് അനുയായികള്‍ തടയുകയായിരുന്നു. ജനങ്ങള്‍ കീറിയെറിഞ്ഞ രാജിക്കത്തിന്റെ ചിത്രവും പുറത്തെത്തിയിരുന്നു. ഒടുവില്‍ രാജിവക്കില്ലെന്നും പിരിഞ്ഞുപോകുമെന്നും ജനക്കൂട്ടത്തോട് ബീരേന്‍ സിങ് പറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here