ദില്ലി: ചന്ദ്രയാന്‍-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആര്‍ഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എല്‍1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എല്‍1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.

ഭൂമിയുടെ കാലാവസ്ഥയില്‍ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാന്‍ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായെന്നും റോക്കറ്റും പേടകവും ശ്രീഹരിക്കോട്ടയില്‍ എത്തിക്കഴിഞ്ഞെന്നും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. എന്നാല്‍ വിക്ഷേപണത്തിന്റെ അവസാന തീയതി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപണമുണ്ടായേക്കാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍-1 സഞ്ചരിക്കുക. വിക്ഷേപണത്തിന് ശേഷം, ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1) ല്‍ എത്താന്‍ 125 ദിവസമെടുക്കും. പേടകം ലഗ്രാഞ്ച് പോയിന്റിലായിരിക്കും.ഗുരുത്വബലം സന്തുലിതമായതിനാല്‍ ഇവിടെ പേടകത്തിന് നിലനില്‍ക്കാന്‍ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാന്‍ മൂന്നിന്റേതിനേക്കാള്‍ പകുതി മതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒ സ്ഥിരീകരണം നല്‍കിയിട്ടില്ല. ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് 600 കോടി രൂപയാണ് ചെലവായത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് 2019-ല്‍ സര്‍ക്കാര്‍ 378 കോടി രൂപ അനുവദിച്ചിരുന്നു. ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ സോഫ്റ്റ് ലാന്‍ഡിങ് പദ്ധതിയായ ചാന്ദ്രയാന്‍ മൂന്ന് പദ്ധതി വിജയകരമായി ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണാര്‍ഥത്തില്‍ സോഫ്റ്റ് ലാന്‍ഡ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.

LEAVE A REPLY

Please enter your comment!
Please enter your name here