തിരുവനന്തപുരം∙ കേരളത്തിൽ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇതുവരെ മൂന്നു എക്സിറ്റ് പോളുകൾ പുറത്തുവന്നതിലെല്ലാം ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന വ്യക്തമായ സൂചനയാണുള്ളത്. നഗര–ഗ്രാമ ഭേദമെന്യേ കേരളത്തിൽ ഇടതുമുന്നണി മേധാവിത്തം നേടും. പശ്ചിമ ബംഗാളിൽ മമതാ ബാനർജി തന്നെ അധികാരം നിലനിർത്തുമെന്ന വ്യക്തമായ സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. അസമിൽ ബിജെപി വൻനേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.

കേരളം ഇടത്തേക്ക്

കേരളത്തിൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. എൽഡിഎഫ് 75, യുഡിഎഫ് 57, ബിജെപി  ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടുമെന്നാണ് പ്രവചനം. യുഡിഎഫ് 38–41 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇവർ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 0–3 വരെയും മറ്റുള്ളവർക്ക് 1–4 വരെ സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. എൽഡിഎഫിന് 43 ശതമാനം വോട്ടും യുഡിഎഫിന് 35 ശതമാനം വോട്ടും ബിജെപിയ്ക്ക് 11 ശതമാനം വോട്ടുമാണ് ഇവർ പ്രവചിക്കുന്നത്.

എൽഡിഎഫ് 74–82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 54–62 സീറ്റുകൾ ലഭിക്കുമെന്നാണ് ഇവരുടെ പ്രവചനം. എൻഡിഎയ്ക്ക് നാലു സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർക്കും നാലു സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ് ഈ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

എൽഡിഎഫ് 78 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. യുഡിഎഫിന് 58, ബിജെപി, മറ്റുള്ളവർ എന്നിവർക്ക് രണ്ടു സീറ്റുകൾ വീതവും ഇന്ത്യ ടിവിയുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം, കേരളത്തിൽ തൂക്കുസഭയ്ക്കാണ് സാധ്യതയെന്ന് ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് 70, എൽഡിഎഫ് 69, ബിജെപി 1 എന്നിങ്ങനെയാണ് ന്യൂസ് നേഷന്റെ പ്രവചനം.

ബംഗാളിൽ മമത തന്നെ

അതേസമയം, പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 178 സീറ്റ് നേടുമെന്ന് എബിപി–ആനന്ദ എക്സിറ്റ് പോൾ പറയുന്നു. ഇടത്–കോൺഗ്രസ് സഖ്യത്തിന് 110 സീറ്റുകളും ബിജെപിയ്ക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് അഞ്ചു സീറ്റുമാണ് ഇവരുടെ പ്രവചനം.

സീ വോട്ടർ സർവേയിലും തൃണമൂൽ മുന്നിലാണ്. അവർക്ക് 163–171 സീറ്റുകൾ പ്രവചിക്കുമ്പോൾ സിപിഎം 71–79, കോൺഗ്രസ് 47, ബിജെപി 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റു പ്രവചനം. അതേസമയം, തൃണമൂൽ കോൺഗ്രസ് 233 മുതൽ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോൾ ഫലം. 31 മുതൽ 58 സീറ്റുകൾ വരെയാണ് കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇവർ പ്രവചിക്കുന്നത്. 167 സീറ്റു നേടി മമത അധികാരം നിലനിർത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്സിറ്റ് പോളും പ്രവചിക്കുന്നു. ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടും.

അസം ബിജെപിയ്ക്ക്

അസമിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ബിജെപി 79–93, കോൺഗ്രസ് 26–33, എഐയുഡിഎഫ് 6–10 എന്നിങ്ങനെയായിരിക്കും സീറ്റ് വിഭജനമെന്ന് ഇവര്‍ സംഘടിപ്പിച്ച സർവേയിൽ പറയുന്നു. 81 സീറ്റുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോൾ ഫലം. ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോളിലും ബിജെപി 90 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം

തമിഴ്നാട്ടിൽ ഭരണമാറ്റത്തിന് അരങ്ങൊരുങ്ങുന്നുവെന്ന സൂചനയാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്നത്. ഡിഎംകെ–കോൺഗ്രസ് സഖ്യം 124 മുതൽ 140 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ–ആക്സിസ് പ്രവചനം. എഐഎഡിഎംകെ 89–101 സീറ്റുകളും ബിജെപി 0–3 സീറ്റുകളും നേടും. ന്യൂസ് നേഷൻ ടിവിയുടെ എക്സിറ്റ് പോൾ അനുസരിച്ച് ഡിഎംകെ 114 മുതൽ 118 സീറ്റുകൾ വരെ നേടും. എന്നാൽ, ടൈംസ് നൗ–സീ വോട്ടർ സർവെ പ്രകാരം എഐഎഡിഎംകെ 139 സീറ്റ് നേടി ഭരണം നിലനിർത്തും. ഡിഎംകെ സഖ്യം 78ഉം മറ്റുള്ളവർ പതിനേഴും സീറ്റ് നേടും. ബിജെപിയ്ക്ക് സീറ്റ് ലഭിക്കില്ല.

പുതുച്ചേരിയിലും ഡിഎംകെ

ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ അനുസരിച്ച് പുതുച്ചേരിയിൽ ഡിഎംകെയ്ക്ക് 15–21 സീറ്റ് ലഭിക്കും. എഐഎഡിഎംകെയ്ക്ക് 1–4 സീറ്റും എൻആർ കോൺഗ്രസിന് 8–12 സീറ്റും ലഭിക്കും. മറ്റുള്ളവർ 2 സീറ്റു വരെ നേടാം.

 

LEAVE A REPLY

Please enter your comment!
Please enter your name here