തിരുവനന്തപുരം ∙ എൽഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ പട്ടികയായി. മന്ത്രിമാരിൽ എട്ടുപേർ പുതുമുഖങ്ങളാണ്. മൂന്നു മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം ലഭിച്ചു. ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, തോമസ് ഐസക്, എ.സി.മൊയ്തീൻ, കെ.ടി.ജലീൽ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് മന്ത്രിമാരാകുന്നത്. പൊന്നാനി എംഎൽഎ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കർ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന. തിരുവനന്തപുരം എകെജി സെന്ററില്‍‌ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകൾ സംബന്ധിച്ച് തീരുമാനമായത്. സുരേഷ് കുറുപ്പ്, എം.എം.മണി, എസ്.ശർമ, എ.പ്രദീപ് കുമാർ, എം.സ്വരാജ്, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇവരെ ഒഴിവാക്കി.

അതേസമയം, സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ എന്നിവർക്കാണ് മുൻതൂക്കം. പരിചയസമ്പന്നരെന്നാണു തീരുമാനമെങ്കിൽ സി.ദിവാകരനും മുല്ലക്കര രത്നാകരനുമുണ്ടാകും. ദിവാകരനെ മന്ത്രിയാക്കാതെ നിയമസഭാകക്ഷി നേതാവായി മാത്രം നിലനിർത്താമെന്ന നിർദേശവും പരിഗണിക്കുന്നു. ചിറ്റയം ഗോപകുമാർ, വി.ശശി, ഇ.എസ്.ബിജിമോൾ എന്നിവരിലൊരാൾ ഡപ്യൂട്ടി സ്പീക്കറായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here