തിരുവനന്തപും: ബാറുടമയും മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച് വന്‍ കോളിളക്കത്തിനു തുടക്കമിടുകയും ചെയ്ത ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിന്റെ പ്രത്യാഘാതം മുതലെടുക്കാന്‍ ബിജെപി. കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തത് ബാര്‍ കോഴ ആരോപണത്തിലെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു എന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനും മാണിക്കും ഇടയിലുള്ള സംശയം കത്തിച്ച് കൂടുതല്‍ അകല്‍ച്ച ഉണ്ടാക്കാന്‍ ബിജെപി രഹസ്യനീക്കം തുടങ്ങി. മാണിയെ ബിജെപി പാളയത്തിലെത്തിക്കുകയാണു ലക്ഷ്യം. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ കേരളഘടകത്തില്‍ പ്രമുഖ പാര്‍ട്ടികളൊന്നും ഇല്ലാത്തത് അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

മുമ്പേതന്നെ മാണി വിഭാഗം ബിജെപിയുമായി അടുക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളായതുകൊണ്ട് അവരില്‍ ബഹുഭൂരിപക്ഷവും ബിജെപി ബന്ധം ഉള്‍ക്കൊള്ളാന്‍ മടിക്കും എന്ന ഭയം മൂലമാണ് തീരുമാനം നീണ്ടുപോകുന്നത്. മാത്രമല്ല ക്രൈസ്തവ സഭാ നേതൃത്വത്തിലെ ചിലരും ബിജെപി ബന്ധത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്കൊപ്പം പോയാല്‍ മാണിയുടെ മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഉള്‍പ്പെടെ പലതും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ പ്രലോഭനം ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെയും സഭാ നേതൃത്വത്തെയും അടക്കിനിര്‍ത്താന്‍ മാണി ശ്രമിക്കുന്നുമുണ്ട്. അതിനിടയിലാണ് ബിജു രമേശിന്റെ മകളുടെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരിക്കുന്നതും മാണിയുടെ പരിഭവവും. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശിന്റെ മകനാണ് ബിജു രമേശിന്റെ മകളെ വിവാഹം ചെയ്തത്. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹം എന്ന
നിലയിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും മറ്റും വാദം.
എന്നാല്‍ യുഡിഎഫിന്റെ തോല്‍വിക്ക് പ്രധാന കാരണമായ വിവാദത്തിലെ മുഖ്യ കണ്ണിയായ ആളുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് ഒഴിവാക്കേണ്ടിയിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പരസ്യമായി പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാണി വിഭാഗവും വിമര്‍ശനം ഉന്നയിച്ചത്.

പ്രശ്‌നം സങ്കീര്‍ണമാകുന്നതും മാണി വിഭാഗം ഇതിന്റെ മറപിടിച്ച് കടുത്ത തീരുമാനമെടുക്കുന്നതും തടയാന്‍ രമേശ് ചെന്നിത്തലയും മറ്റും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീതി നിലനിര്‍ത്തി കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മാണി.

LEAVE A REPLY

Please enter your comment!
Please enter your name here